ലോക സഞ്ചാരത്തിനായി ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐഎൻഎസ് സുദർശിനി കൊച്ചി തീരം വിട്ടു. ‘ലോകയാൻ 2026’ എന്ന പേരിലുള്ള ഈ യാത്രയിൽ 13 രാജ്യങ്ങളും 20 തുറമുഖങ്ങളുമാണ് സുദർശിനി സന്ദർശിക്കുക. പരിശീലനത്തിനൊപ്പം രാജ്യത്തിൻ്റെ സമുദ്രപാരമ്പര്യവും അഭിമാനവും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യം കൂടി ഈ ചരിത്ര യാത്രയ്ക്കുണ്ട്.
പത്തുമാസം നീളുന്ന ലോക സഞ്ചാരത്തിനായാണ് ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐഎൻഎസ് സുദർശിനി യാത്ര തിരിച്ചത്. ചരിത്രപ്രാധാന്യമുള്ള ഈ യാത്രയ്ക്ക് ‘ലോകയാൻ 2026’ എന്നാണ് പേരിട്ടിരിക്കുന്നത്. 22,000 നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള യാത്രയിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പെടെ 13 ലോകരാജ്യങ്ങളും ഇരുപതോളം തുറമുഖങ്ങളും ഐ എൻ എസ് സുദർശിനി സന്ദർശിക്കും.
10 ഓഫീസേഴ്സും 40 സെയിലർമാരും 30 ട്രെയിനീസും ഉൾപ്പെടെ 80 പേരാണ് ഒരേസമയം ഈ യാത്രയിൽ ഉണ്ടാവുക. ഫ്രാൻസിൽ നടക്കുന്ന ലോകപ്രശസ്തമായ ടോൾ ഷിപ്പ് റേസിലും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും ഐഎൻഎസ് സുദർശിനി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യാത്രയ്ക്കിടെ സൂയസ് കനാലും ജിബ്രാൾട്ടർ കടലിടുക്കും പിന്നിടുന്ന സുദർശിനി ഇന്ത്യൻ കപ്പലോട്ട പൈതൃകം ലോകവേദികളിലേക്ക് എത്തിക്കും.
1997ൽ കമ്മീഷൻ ചെയ്ത ആദ്യ ഐഎൻഎസ് സുദർശിനിയുടെ പിന്‍ഗാമിയായ ഈ കപ്പൽ ഗോവ കപ്പൽശാലയിൽ നിർമിച്ച് 2012ലാണ് നാവികസേനയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വലിയ കാലുകളിൽ ഉയർത്തിയ പായകളോടുകൂടിയ കപ്പലിന് 54 മീറ്റർ നീളവും 513 ടൺ ഭാരവുമുണ്ട്.