NATIONAL

ഗോവയിലെ നിശാക്ലബിലെ തീപിടിത്തം; തായ്‌ലാൻഡിലേക്ക് കടന്ന ഉടമകളെ പിടികൂടാൻ ഇൻ്റർപോൾ നോട്ടീസ് ഇറക്കിയേക്കും

കേസില്‍ ഇരുവരുടെയും ബിസിനസ് പാര്‍ട്ട്ണര്‍ ആയ അജയ് ഗുപ്തയ്ക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

പനാജി: 25 പേരുടെ ജീവനെടുത്ത ഗോവയിലെ നിശാക്ലബിലെ തീപിടിത്തത്തില്‍ ഉടമകളായ സഹോദരങ്ങളെ കണ്ടുപിടിക്കുന്നതിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇരുവരും വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നോട്ടീസ് ഇറക്കുന്നത്. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒളിവില്‍ പോയ സഹോദരങ്ങള്‍ പിന്നാലെ തായ്‌ലാന്‍ഡിലേക്ക് കടന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ഇൻ്റര്‍പോളിന്റെ കളര്‍ കോഡഡ് അറിയിപ്പുകളിലൊന്നാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളുടെ തിരിച്ചറിയല്‍, ലൊക്കേഷന്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അധിക വിവരങ്ങള്‍ ലഭിക്കുന്നതിനായി കൂടിയാണ് ബ്ലൂ നോട്ടീസ് ഇറക്കുന്നത്. ഇതോടെ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ നല്‍കാന്‍ സാധിക്കും.

നിശാക്ലബിലെ അപകടത്തിന് തൊട്ടു പിന്നാലെ തന്നെ ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരാണ് രാജ്യം വിട്ടത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് ഡല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. കേസില്‍ ഇരുവരുടെയും ബിസിനസ് പാര്‍ട്ട്ണര്‍ ആയ അജയ് ഗുപ്തയ്ക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, ആവശ്യമായ അനുമതി തേടാതെയാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാര്‍ട്ടിക്കിടെ, കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികള്‍, മുളയും ഫൈബര്‍ ഗ്രാസും ഇന്റീരിയറായ ക്ലബിനെ മുഴുവനായും വിഴുങ്ങാനെടുത്തത് വെറും 15 മിനിറ്റാണ്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറണ്‍ മുഴക്കുകയോ, ബേസ്മെന്റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാര്‍ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവരുടെ മൊഴി.

അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്നും അപകടമുണ്ടായി 34 മണിക്കൂറിന് ശേഷം ഒളിവിലിരുന്ന് ക്ലബ് ഉടമ സൌരഭ് ലുത്ര പ്രസ്താവനയിറക്കി. ഒളിവിലുള്ള ക്ലബ് ഉടമകള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവര്‍ക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ഗോവയിലെ രണ്ട് ക്ലബുകള്‍ അടച്ചപൂട്ടി. കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായി. ജനറല്‍ മാനേജര്‍മാര്‍ അടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തിയ കുടിയേറ്റ തൊഴിലാളികളാണ് തീപിടിത്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും. ക്ലബിലെ പാചക തൊഴിലാളികളായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് പേര്‍ അപകടസമയത്ത് ബേസ്മെന്റിലെ അടുക്കളയിലായിരുന്നു. ഇവര്‍ തീപിടിത്തമുണ്ടായത് പോലും അറിഞ്ഞില്ല. അവധിക്കാലം ആഘോഷിക്കാന്‍ ഈ മാസം 4ന് ഗോവയിലെത്തിയ ഗാസിയാബാദ് സ്വദേശി ഭാവനാ ജോഷി, നാട്ടിലേക്ക് മടങ്ങുന്നത് ഭര്‍ത്താവിന്റെയും മൂന്ന് സഹോദരിമാരുടെയും മൃതദേഹങ്ങളുമായാണ്.

അപകടസമയത്ത് ഭാവനയോടൊപ്പം പുറത്തുകടന്ന ഭര്‍ത്താവ് വിനോദ് കുമാര്‍, ക്ലബിനുള്ളിലേക്ക് തിരിച്ചുകയറിയത് സഹോദരിമാരെ രക്ഷപ്പെടുത്താനായിരുന്നു. പരിക്കേറ്റ അഞ്ചുപേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്നു. പുറത്തേക്കുള്ള വാതിലിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ആളുകള്‍ ഇടുങ്ങിയ കോണിപടികളിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതും ബേസ്മെന്റില്‍ വെന്റിലേഷനില്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് കണ്ടെത്തല്‍. പലരും തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് മരിച്ചത്.

SCROLL FOR NEXT