ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേടിൽ അന്വേഷണം ഊർജിതം  
NATIONAL

വീട് വളഞ്ഞ് ക്ഷേത്ര ജീവനക്കാരനെ പിടികൂടി ഉത്തരാഖണ്ഡ് പൊലീസ്; ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേടിൽ അന്വേഷണം ഊർജിതം

അറസ്റ്റിലായത് ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി ജീവനക്കാരൻ പ്രമോദ് നൗത്യാൽ.

Author : ന്യൂസ് ഡെസ്ക്

ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കപ്പണക്കേസിൽ സസ്പെൻ്റ് ചെയ്യപ്പെട്ട ക്ഷേത്ര ജീവനക്കാരനെ വീട് വളഞ്ഞ് പിടികൂടി ഉത്തരാഖണ്ഡ് പൊലീസ്. ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ജീവനക്കാരനായ പ്രമോദ് നൗത്യാൽ ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി വീട് വളഞ്ഞാണ് ഡെറാഡൂണിലെ വീട്ടിൽ നിന്ന് ഇയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി ഉണ്ടായത്.

ക്ഷേത്ര സമിതി ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്നു പ്രമോദ് നൗത്യാൽ. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ക്ഷേത്രത്തിൽ കാണിക്ക എണ്ണൽ നടക്കുന്നതിനിടെ ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കാണിക്കയായി ലഭിച്ച പണം കൗണ്ടിങ് സ്ഥലത്തുനിന്ന് നടപടിക്രമങ്ങൾ ലംഘിച്ചു മാറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ക്ഷേത്ര സമിതി രൂപീകരിച്ച നാലംഗ സമിതി നടത്തിയ അന്വേഷണത്തിൽ പ്രമോദ് നൗത്യാലിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.

SCROLL FOR NEXT