ഡൽഹി സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ Source: NDTV
NATIONAL

ഡൽഹി സ്ഫോടനം: പ്രതികൾ ലക്ഷ്യമിട്ടത് ഡ്രോണുകൾ ഉപയോഗിച്ചുള്ള ഹമാസ് ആക്രമണത്തിന് സമാനമായ ഒന്നെന്ന് റിപ്പോർട്ടുകൾ

സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനി എന്നയാളെ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത് വമ്പൻ ആക്രമണമെന്ന് അന്വേഷണ സംഘം. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയതിന് സമാനമായ ആക്രമണമാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ അനന്ത്നാഗ് സ്വദേശി ജാസിർ ബിലാൽ വാനി എന്നയാളെ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡ്രോണുകളിൽ രൂപം മാറ്റം വരുത്തിയും, റോക്കറ്റുകൾ നിർമിക്കാൻ ശ്രമിച്ചും ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിയെന്നും എൻഐഎയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡ്രോണുകൾ ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ ഒന്നാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം പറയുന്നു. ഉമർ നബിയടക്കമുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ജാസിർ ബിലാലാണെന്നും അന്വേഷണ സംഘം പറയുന്നു.

അതേസമയം രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസിൽ ജമ്മുകശ്മീരിൽ ഉടനീളം ഭീകരവിരുദ്ധ സേനയുടെ പരിശോധന തുടരുകയാണ്. ഡൽഹി , ജമ്മുകശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസുമായും മറ്റ് അന്വേഷണ ഏജൻസികളുമായും ഏകോപനം നടത്തി പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രഹികൾ എത്തിക്കൽ, ധനസമാഹരണം എന്നിവ ഉൾപ്പെടെ ആക്രമണത്തിന് പിന്നിലുള്ള വലിയ ശൃഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

SCROLL FOR NEXT