NATIONAL

ഇഷയിലെ ശിവരാത്രി ആഘോഷം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയാകും

വിദേശത്തുനിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കും.

Author : ന്യൂസ് ഡെസ്ക്

കോയമ്പത്തൂര്‍ ഇഷ യോഗ കേന്ദ്രത്തില്‍ നടക്കുന്ന ഈവര്‍ഷത്തെ ശിവരാത്രി ആഘോഷത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ആദിയോഗി പ്രതിമയ്ക്ക് മുന്‍പില്‍ 15-ന് വൈകീട്ട് ആറുമുതല്‍ 16-ന് രാവിലെ ആറുവരെ നീളുന്ന മഹാശിവരാത്രി ആഘോഷത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ധ്യാനത്തിനൊപ്പം പ്രമുഖര്‍ പങ്കെടുക്കുന്ന കലാപരിപാടികളും സംഗീത നിശയുമുണ്ടാകും.

തമിഴ്നാട്ടില്‍നിന്നുള്ള റാപ്പര്‍ ബ്ലേസ്, ഗുജറാത്തിലെ നാടന്‍കലാകാരന്‍ ആദിത്യ ഗഡ്വി, തബല കലാകാരന്‍ പ്രശാന്ത് സോണാഗ്ര, ഗായകന്‍ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധര്‍വ്, സ്വരൂപ് ഖാന്‍ തുടങ്ങിയവരുടെ സംഗീതപരിപാടികളുണ്ടാവും. വിദേശത്തുനിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കും.

ധ്യാനലിംഗവും ലിംഗഭൈരവി ക്ഷേത്രവും ശിവരാത്രിദിവസം മുഴുവന്‍ സമയവും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. ധ്യാനലിംഗയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അഭിഷേകം നടത്താനുള്ള സൗകര്യവുമൊരുക്കും. യോഗേശ്വരലിംഗ മഹാ അഭിഷേകവുമുണ്ടാകും. കുടിവെള്ളം, അന്നദാനം, വാഹനം പാര്‍ക്കിങ്, മെഡിക്കല്‍ സൗകര്യം ഉള്‍പ്പെടെ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് സംഘാട കസമിതി ഭാരവാഹികളായ രവീന്ദ്രന്‍, ശരവണന്‍ എന്നിവര്‍ അറിയിച്ചു. ഈഷയില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷം കേരളത്തിലെ 29 ക്ഷേത്രങ്ങളിലും തമിഴ്നാട്ടിലെ 60 കേന്ദ്രങ്ങളിലും തത്സമയം പ്രദര്‍ശിപ്പിക്കും.

തമിഴ്, മലയാളം ഉള്‍പ്പെടെ 28 ഭാഷകളില്‍ പ്രക്ഷേപണമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച പര്‍ബയാന്‍ ചാറ്റര്‍ജിയുടെ സിതാര്‍കച്ചേരിയുണ്ടായി രുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഭരത് സുന്ദറിന്റെയും ശനിയാഴ്ച വൈകീട്ട് വൈഭവ് അരേകറ്‌ടെയും സംഗീതക്കച്ചേരിയുണ്ടാവും.

SCROLL FOR NEXT