Source: News Malayalam 24x7
NATIONAL

സർവം സ്നേഹമയം... കോക്രോച്ചിന് പിന്നാലെ 'ഇഷ്ക് കരോ പാർട്ടി'

സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ചർച്ചകളിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് ഒരു എതിരാളി എത്തിയിരിക്കുന്നു. 'ഇഷ്ക് കരോ പാർട്ടി' അഥവാ ഐകെപി...

Author : അഹല്യ മണി

"യുദ്ധമല്ല, വേണ്ടത് സ്നേഹമാണ്... ജാതിമത ഭേദമന്യേ ജനങ്ങൾക്കിടയിലെ സ്‌നേഹം കാത്തു സൂക്ഷിക്കണം"

സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ചർച്ചകളിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് ഒരു എതിരാളി എത്തിയിരിക്കുന്നു. 'ഇഷ്ക് കരോ പാർട്ടി' അഥവാ ഐകെപി! സ്നേഹമെന്ന അടിസ്ഥാന തത്വത്തിലൂന്നിയ 'ഇഷ്ക് കരോ പാർട്ടി'യുടെ സൂത്രധാരൻ മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു ആണ്..

എന്താണ് ഇഷ്ക് കരോ പാർട്ടി?

'ഇഷ്ക് കരോ' എന്ന് കേൾക്കുമ്പോൾ ഇതൊരു തമാശയാണെന്നും, വാലന്റൈൻസ് ഡേ - പ്രണയ പരിപാടിയെന്നും ആരും തെറ്റിദ്ധരിക്കരുതെന്നാണ് മാർക്കണ്ഡേയ കട്ജു പറയുന്നത്. സ്നേഹമെന്നാൽ സ്ത്രീക്കും പുരുഷനുമിടയിൽ മാത്രം സംഭവിക്കുന്നതല്ല. അത് രാജ്യത്തോടുള്ളതാണ്, രാജ്യത്തെ ജനങ്ങൾ തമ്മിലുള്ളതാണ്. ജാതിമത ഭേദമന്യേ രാജ്യത്തെ ജനങ്ങളോട് 'ഇഷ്ക് കരോ' അഥവാ പരസ്പരം സ്നേഹിക്കൂവെന്നാണ് ഐകെപി ആഹ്വാനം ചെയ്യുന്നത്. ആ സ്നേഹത്തിലൂടെ ജനങ്ങളെ ഒന്നിപ്പിച്ച് വലിയൊരു ജനസംഘർഷം നയിക്കുക — അതാണ് പാർട്ടിയുടെ ലക്ഷ്യം. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, കുട്ടികളിലെ പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ രൂപീകരിച്ച വളരെ ഗൗരവമുള്ളൊരു പ്രസ്ഥാനമാണ് ഐകെപി എന്നാണ് കട്ജു പറയുന്നത്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ ജോലി ചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് ഇഷ്‌ക് പാര്‍ട്ടിയുടെ അധ്യക്ഷൻ. പാര്‍ട്ടിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തയ്യാറാകുന്നുണ്ടെന്നും കട്ജു അറിയിച്ചു.

എന്താണ് കട്ജുവിനെ ഐകെപി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്?

കട്ജു 'ഇഷ്ക് കരോ പാ‍ർട്ടി' രൂപീകരിക്കാനുള്ള പ്രധാന കാരണം അഭിജീത് ദിപ്കെയുടെ 'കോക്രോച്ച് ജനതാ പാ‍ർട്ടി' തന്നെയാണ്! വലിയൊരു വിഭാഗം യുവാക്കളുടെ പിന്തുണ ഇതിനോടകം നേടിയ സിജെപിയോട് കടുത്ത എതിർപ്പാണ് കട്ജുവിനുള്ളത്. ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തെ കട്ജു രൂക്ഷഭാഷയിൽ വിമ‍ർശിച്ചിരുന്നു. നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സിജെപി സമരം. എന്നാൽ, ഒരു മന്ത്രി രാജി വെച്ചാൽ വേറെയൊരു മന്ത്രി വരും, അതിലൂടെ രാജ്യത്തെ വലിയ പ്രശ്നങ്ങൾക്ക് എന്ത് മാറ്റമാണുണ്ടാകാൻ പോകുന്നത്? രാജ്യം മുഴുവൻ ചോർന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ സിജെപിക്ക് പറയാനുള്ളത് പരീക്ഷ പേപ്പർ ചോർച്ചയെ കുറിച്ച് മാത്രമാണ്. സിസ്റ്റമാറ്റിക് ആയ മാറ്റത്തിനാണ് സമരം ചെയ്യേണ്ടത് എന്നാണ് കട്ജു പറയുന്നത്. സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെയെ 'ഇഡിയറ്റ്' എന്നാക്ഷേപിച്ച കട്‍ജു തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഐകെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

കോക്രോച്ച് ജനതാ പാർട്ടിക്ക് ഒരു എതിരാളിയാകുമോ?

'കോക്രോച്ച് ജനതാ പാർട്ടി'ക്ക് 'ഇഷ്ക് കരോ പാ‍ർട്ടി' ഒരു എതിരാളിയാകുമോ എന്ന് ചർച്ച ചെയ്യുന്നതിനായി രണ്ട് പ്രധാന കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്.

- ​യുവാക്കളുടെ പിന്തുണ: സിജെപിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിലും പുറത്തുമായി വലിയൊരു യൂത്ത് ഫോളോവിങ് ഉണ്ട്. മീമുകളിലൂടെയും റീലുകളിലൂടെയുമാണ് സിജെപിയുടെ തുടക്കമെങ്കിൽ ജന്തർ മന്തറിൽ നടന്ന ആദ്യ പ്രതിഷേധത്തിൽ തന്നെ 2000ലേറെ പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. 'ഇഷ്ക് കരോ പാർട്ടി' സീരിയസായോരു ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ, എത്രത്തോളം പിന്തുണ നേടിയെടുക്കാനാകുമെന്ന് കണ്ടറിയണം.

​- നേതൃത്വത്തിന്റെ വിശ്വാസ്യത: ഒരു വശത്ത് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഭിജീത് ദിപ്കെ, മറുവശത്ത് നിയമരംഗത്തെ അതികായനായ മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. സ്വാഭാവികമായും കട്ജുവിന്റെ വാക്കുകൾക്ക് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ കൂടുതൽ വെയ്റ്റേജ് ലഭിക്കുമായിരിക്കും. എന്നാൽ, യുവാക്കളുടെ പൾസറിഞ്ഞുള്ള പ്രവർത്തന രീതികളാകും സിജെപിയുടെ പ്രത്യേകതയാകുക.

ചുരുക്കി പറഞ്ഞാൽ, രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് 'കോക്രോച്ച് ജനതാ പാർട്ടി' ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. സിജെപിയെ നേരിടാൻ ഐകെപിയുമായുള്ള കട്ജുവിൻ്റെ എൻട്രി ഏറെ കൗതുകത്തോടെയാണ് ജനം ഉറ്റുനോക്കുന്നത്. ഇരുപാർട്ടികളുടെയും അടുത്ത നീക്കമെന്തായിരിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ജനം.

SCROLL FOR NEXT