ബോഡിഗാർഡ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഉപഗ്രഹത്തിന് വളരെ സമീപത്തായി അയൽരാജ്യത്തിന്റെ ഉപഗ്രഹം എത്തിയതാണ് ഇത്തരമൊരു നീക്കത്തിന് ISROയെ പ്രേരിപ്പിച്ചത്. ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ ഭീഷണിയായി വരുന്ന ഉപഗ്രഹങ്ങളെ തകർക്കുകയല്ല ഇവയുടെ ദൗത്യം. എന്താണ് ബോഡിഗാർഡ് ഉപഗ്രഹം? എന്താണ് ബോഡി ഗാർഡ് സാറ്റ്‌ലൈറ്റിന്റെ ദൗത്യം?
ബോഡി ഗാർഡ് സാറ്റ്‌ലൈറ്റുകളെന്ന പേര് ബഹിരാകാശ രംഗത്ത് തന്നെ പുതുമയുള്ളതാണ്. ഇതുവരെയും ഒരു രാജ്യവും തങ്ങളുടെ സാറ്റ്‌ലൈറ്റുകളുടെ സംരക്ഷണത്തിനായി ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതായി ഔദ്യോഗിക രേഖകളില്ല. ഒരു ഉപഗ്രഹം വിക്ഷേപിക്കും മുൻപ് അതിന്റെ പാതയും സഞ്ചാരപഥവും ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. നിലവിൽ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങളുടെ പാതയുമായി സമ്പർക്കത്തിൽ വരാത്ത രീതിയിലാകും ഇത് മിക്കപ്പോഴും ക്രമീകരിക്കുക. അല്ലെങ്കിൽ രണ്ട് ഉപഗ്രഹങ്ങളും ഒരേ സമയം പാതയിലൂടെ വരാത്ത രീതിയിലാകും ഇതിന്റെ ചലനങ്ങളും സമയക്രമീകരണങ്ങളും തയ്യാറാക്കുക. പുതിയ ഉപഗ്രഹങ്ങളുടെ വേഗം, സഞ്ചാരപഥം തുടങ്ങിയ വിവരങ്ങൾ ബഹിരാകാശ നിലയങ്ങൾക്കും മറ്റ് ബഹിരാകാശ ഏജൻസികൾക്കും കൈമാറുകയും ചെയ്യാറുണ്ട്. ഉപഗ്രഹങ്ങളുടെ കൂട്ടിയിടി അടക്കം ഒഴിവാക്കാനായാണ് ഇത്രയേറെ മുൻകരുതലുകൾ എടുക്കുന്നത്.
ഇത്തരത്തിൽ മുൻകരുതലുകൾ എടുത്തിട്ടും, 2024 മധ്യത്തിൽ ഇന്ത്യയുടെ ഒരു ഉപഗ്രഹത്തിന് നേരെ അയൽ രാജ്യത്തിന്റെ ഉപഗ്രഹം അനുവദനീയമായതിലും അടുത്തെത്തി. ഏകദേശം 1 കിലോ മീറ്റർ വരെ അകലത്തിലെത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് മനഃപൂർവം ഉണ്ടായ നീക്കമായാണ് ISRO വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് ഇതിനെ ഇന്ത്യയും ISROയും കണ്ടത്. അതിന്റെ പരിണിതഫലമാണ് ബോഡിഗാർഡ് സാറ്റ്‌ലൈറ്റുകൾ വികസിപ്പിക്കാനുള്ള നീക്കം. 270 ബില്യൺ രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം 50ഓളം സാറ്റ‌്‌ലൈറ്റുകളാണ് ഇന്ത്യ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
അടുത്തുവരുന്ന ഉപഗ്രഹങ്ങളെ തകർക്കാൻ വരെ കെൽപുളളതാണ് ബോഡിഗാർഡ് സാറ്റ്‌ലൈറ്റുകൾ എന്ന തരത്തിലൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ നിലവിൽ തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് ഇത് തീർത്തും തെറ്റാണ്. ജിപിഎസുകളിലടക്കം ഉപയോഗിക്കുന്ന ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ് അഥവാ ലിഡാർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ ഉപഗ്രഹങ്ങളുടെ സമീപത്തേക്ക് ഭീഷണിയായി എത്തുന്ന വസ്തുക്കളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് നിലവിൽ ISROയുടെ സങ്കൽപത്തിലുള്ള ബോഡിഗാർഡ് സാറ്റ്‌ലൈറ്റുകളുടെ ദൗത്യം. ലേസർ രശ്മികൾ പ്രതിഫലിച്ച് മടങ്ങിവരാൻ എടുക്കുന്ന സമയം ഉപയോഗിച്ച് വസ്തുക്കൾ തമ്മിലുള്ള ദൂരം അളക്കുക എന്നതാണ് ഇതിലൂടെ ചെയ്യുക.
ഭീഷണിയാകുന്ന ദൂരത്തിൽ മറ്റ് വസ്തുക്കൾ എത്തുകയാണെങ്കിൽ, ഉപഗ്രഹത്തിന്റെ സ്ഥാനം മാറ്റാനാണ് നിലവിൽ ISRO ആലോചിക്കുന്നത്. ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളുടെ റഡാറുകളുടെയും ശൃംഖലയുമായി ബോഡിഗാർഡ് ഉപഗ്രഹങ്ങളെ കോർത്തിണക്കിയാകും സംവിധാനം വികസിപ്പിക്കുക. നമ്മുടെ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം മുഴുവൻ സമയം നിരീക്ഷിക്കുക എന്നതാകും ഇവയുടെ പ്രധാന ദൗത്യം. ഇത് വികസിപ്പിക്കാനായി ചില സ്റ്റാർട്ടപ്പുകൾ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവിൽ ഇന്ത്യയുടെ നൂറിലേറെ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് ഉള്ളതെന്നാണ് റിപ്പോർട്ട്.