ഡൽഹി: ഐഎസ്ആർഒയുടെ 2026ലെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി62 മിഷന് സാങ്കേതിക പിഴവ് നേരിട്ടു. രാവിലെ 10.18ന് 15 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചുയർന്നപ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ സാങ്കേതിക തടസം നേരിട്ടുവെന്നും റോക്കറ്റിൻ്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.
ബഹിരാകാശത്തെ പ്രൈവറ്റ് സ്പേസ് എക്കോ സിസ്റ്റത്തെ നിരീക്ഷിക്കുന്നതിനായുള്ള 'അന്വേഷ' സാറ്റലൈറ്റിൻ്റെ വിക്ഷേപണം ഉൾപ്പെടെ അടങ്ങുന്ന ഇ.ഒ.എസ് എൻ.വൺ. ദൗത്യമാണ് വിജയത്തിലെത്താതെ പോയത്.
രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ സമയം 10.18നാണ് വിക്ഷേപണം നടന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലുള്ളത്. മൗറീഷ്യസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 18 സഹ പാസഞ്ചർ ഉപഗ്രഹങ്ങളും യൂറോപ്യൻ ഡെമോൺസ്ട്രേറ്ററായ കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്ട്രേറ്ററും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗരഭൂപടം, പരിസ്ഥിതി വിശകലനം എന്നീ വിഷയങ്ങളിലെ തന്ത്രപരമായ നിരീക്ഷണത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തത്.
നേരത്തെ 2025 മെയ് 18ന് നടന്ന പിഎസ്എൽവി സി 61ൻ്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. വിക്ഷേപിച്ച് എട്ട് മിനിറ്റിന് ശേഷം ദൗത്യം പരാജയപ്പെട്ടിരുന്നു. റോക്കറ്റിൻ്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു വിക്ഷേപത്തിന് തടസമായത്. എന്നാൽ ഇതിൻ്റെ പരാജയം സംബന്ധിച്ച അന്വേഷണ സമിതി റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.