ഷബീർ ഷാ 
NATIONAL

ജമ്മു കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷായ്ക്ക് ജാമ്യം

ഭീകരവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ 2019 മുതൽ ജയിലിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഭീകരവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ തടവിലായിരുന്ന കശ്മീർ വിഘടന വാദി നേതാവ് ഷബീർ അഹ്മദ് ഷായ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2019ലാണ് ഷായെ എൻഐഎ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

ഷായ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൻസാൽവ്സും എൻഐഎക്ക് വേണ്ടി അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയും കോടതിയിൽ ഹാജരായി. ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട കോടതി വിചാരണയിലെ വീഴ്ചകളും ദീർഘ കാലം ഷായെ തടവിലാക്കിയതും എടുത്ത് പറഞ്ഞ് വിമർശിച്ചു.

ജമ്മു കശ്മീരിൽ വിഘടനവാദ പ്രസ്ഥാനം രൂപീകരിക്കാൻ നേതൃത്വം കൊടുത്തു, കൊല്ലപ്പെട്ട ഭീകരവാദികൾക്ക് ആദരാഞ്ജലി അർപ്പിച്ചു, ഹവാല ഇടപാട് വഴി പണം സ്വീകരിച്ചു തുടങ്ങിയ കുറ്റ കൃത്യങ്ങളാണ് ഷായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

2017ൽ പൊതുമുതൽ നശിപ്പിച്ചതിനും ഭരണകൂടത്തിനെതിരെ കലാപാഹ്വാനം നടത്തിയതിനും എൻഐഎ ഷാ ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തിരുന്നു. 2025ൽ ഷായുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പുറത്ത് പോയാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

SCROLL FOR NEXT