Image: ADG PI - INDIAN ARMY/X
NATIONAL

ജമ്മുവില്‍ 1910 നു ശേഷമുണ്ടായ ഏറ്റവും ശക്തമായ മഴ; മരണം 36 ആയി

വൈഷ്‌ണോ ദേവി തീര്‍ത്ഥാടനത്തിന് എത്തിയവരാണ് മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും

Author : ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: രണ്ട് ദിവസമായി ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. രണ്ട് ദിവസമായി തുടരുന്ന മഴയ്ക്ക് ഇന്ന് അല്‍പം ശമനുണ്ടെങ്കിലും വ്യാപക നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉണ്ടായത്. പീര്‍ഖോയും നിക്കി താവിയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

ഈ പ്രദേശങ്ങൾ പൂർണമായും ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. വൈഷ്‌ണോ ദേവി തീര്‍ത്ഥാടനത്തിന് എത്തിയവരാണ് മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും. ഇവിടെയാണ് മണ്ണിടിച്ചിലുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റെക്കോര്‍ഡ് മഴയാണ് ജമ്മുവില്‍ പെയ്തത്. 380 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 1910 ല്‍ കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണിത്. ജമ്മു നഗരത്തിലൂടെ ഒഴുകുന്ന താവി നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും ചെനാബിലെ ജലനിരപ്പ് ഇതുവരെ കുറഞ്ഞിട്ടില്ല.

സംസ്ഥാന ദുരന്തനിവാരണ സേനയ്‌ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 5000 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ജമ്മുവിലെ സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമെ, സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളിലും സമാന സാഹചര്യമാണ്.

മൊബൈല്‍ സേവനങ്ങള്‍ ദുര്‍ബലാമിയിട്ടാണെങ്കിലും പ്രവര്‍ത്തിക്കുന്നതായി ജിയോ അടക്കമുള്ള സേവനദാതാക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച നിര്‍ത്തിവെച്ച ജമ്മു-പത്താന്‍കോട്ട് ട്രെയിന്‍ ഗതാഗതം ബുധനാഴ്ച പുനഃസ്ഥാപിച്ചു.

SCROLL FOR NEXT