Image: X
NATIONAL

ജീവന്‍ രക്ഷിക്കാന്‍ 7.5 ലക്ഷം രൂപയ്ക്ക് എയര്‍ ആംബുലന്‍സ് വാടകയ്‌ക്കെടുത്തു; 7 പേരുടെ മരണത്തിൽ അവസാനിച്ച യാത്ര

പൊള്ളലേറ്റ രോഗിയുടെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്

Author : ന്യൂസ് ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. പൊള്ളലേറ്റ രോഗിയുമായി പുറപ്പെട്ട വിമാനം കര്‍മാട്ടണ്ട് വനപ്രദേശത്ത് തകര്‍ന്നു വീഴുകയായിരുന്നു.

എയര്‍ ആംബുലന്‍സിന്റെ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിംഗ്, സഞ്ജയ് കുമാര്‍, ഡോ. വികാസ് കുമാര്‍ ഗുപ്ത, സച്ചിന്‍ കുമാര്‍ മിശ്ര, അര്‍ച്ചന ദേവി, ധ്രുവ് കുമാര്‍ എന്നിവരാണ് മരിച്ചത്.

ജാര്‍ഖണ്ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന കുടുംബമാണ് എയര്‍ ആംബുലന്‍സ് വാടകയ്ക്ക് എടുത്തത്. റെഡ് ബേര്‍ഡ് എയര്‍ ബസിന്റെ ബീച്ച് ക്രാഫ്റ്റ് സി90 എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. റാഞ്ചിയില്‍ നിന്ന് വൈകിട്ട് 7.11 നായിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഇരുപത് മിനുട്ടിനുള്ളില്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥയാണ് അപകടകാരണം.

ഹോട്ടല്‍ വ്യവസായിയായ സഞ്ജയ് കുമാറിനായിരുന്നു പൊള്ളലേറ്റത്. ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ സഞ്ജയ് കുമാറിന് 65 ശതമാനം പൊള്ളലേറ്റിരുന്നു. സഞ്ജയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായാണ് കുടുംബം എയര്‍ആംബുലന്‍സ് വാടകയ്ക്ക് എടുത്ത് ഡല്‍ഹിക്ക് പുറപ്പെട്ടത്.

സഞ്ജയ്‌യുടെ ഭാര്യ അര്‍ച്ചന ദേവി, ബന്ധു ധ്രുവ് കുമാര്‍, ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, നഴ്‌സ് സച്ചിന്‍ കുമാര്‍ മിശ്ര എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സഞ്ജയ് കുമാര്‍ ഹോട്ടല്‍ നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് സഞ്ജയ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റത്. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഞ്ജയിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഈ യാത്രയാണ് ദാരുണാന്ത്യത്തില്‍ കലാശിച്ചത്.

റോഡ് മാര്‍ഗമുള്ള യാത്ര ആരോഗ്യനിലയെ ബാധിക്കുമെന്നതിനാലായിരുന്നു കുടുംബം എയര്‍ ആംബുലന്‍സ് തിരഞ്ഞെടുത്തത്. 7.5 ലക്ഷം രൂപ വാടകയ്ക്കാണ് ആംബുലന്‍സ് എടുത്തത്. ഡല്‍ഹിയിലെ ചികിത്സയ്ക്കുള്ള പണവും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നു.

SCROLL FOR NEXT