കൊൽക്കത്ത: സുന്ദർബൻസിന് സമീപമുള്ള കാക്ദ്വീപിൽ കാളീ വിഗ്രഹത്തെ നശിപ്പിച്ചെന്ന ആരോപണം വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമതാ ബാനർജിക്കും എതിരെ കടുത്ത ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. തകർന്ന വിഗ്രഹം ജയിൽ വാനിൽ കയറ്റി നീക്കം ചെയ്തത് പൊലീസിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നുവരുന്നതിന് കാരണമായി.
കഴിഞ്ഞ ദിവസമാണ് സൂര്യനഗർ ജിപിക്ക് കീഴിലുള്ള ഒരു ഗ്രാമ ക്ഷേത്രത്തിലെ കാളീ ദേവിയുടെ വിഗ്രഹം തകർന്ന നിലയിൽ കണ്ടെത്തിയത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. വിഗ്രഹം തകർത്തതിന് പിന്നിലുള്ള വ്യക്തിയേയോ വ്യക്തികളെയോ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. "കാളീ വിഗ്രഹത്തെ നശിപ്പിച്ചു. അത് എന്തൊരു നാണക്കേടാണ്. ഈ അപമാനം എങ്ങനെ മറയ്ക്കും," എന്നും ബിജെപി വിമർശിച്ചു. പൊലീസ് തുടക്കത്തിൽ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും, ക്ഷേത്ര കവാടങ്ങൾ പൂട്ടിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പക്ഷേ, നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അവ വീണ്ടും തുറക്കേണ്ടി വന്നു. "കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, കാളീ വിഗ്രഹം വാനിൽ കയറ്റി കൊണ്ടുപോയി. ഏഴ് ഹിന്ദു സംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാമല്ലോ," പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
തീവ്ര മതമൗലികവാദികളെ പ്രീണിപ്പിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയും അവരുടെ പാർട്ടി നേതാക്കളും, സനാതൻ ഹിന്ദു അനുയായികളുടെ മതവികാരങ്ങളെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ പലവിധത്തിൽ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ദൗർഭാഗ്യകരവും അപമാനകരവുമായ കാഴ്ച പശ്ചിമ ബംഗാളിൽ ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ല", കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ പറഞ്ഞു.