കമല്‍ ഹാസന്‍ 
NATIONAL

കന്നഡ ഭാഷയോട് അങ്ങേയറ്റം ബഹുമാനമുണ്ട്; പക്ഷേ, മാപ്പ് പറയില്ല: നിലപാട് വ്യക്തമാക്കി കമല്‍ ഹാസന്‍

Author : ന്യൂസ് ഡെസ്ക്

കന്നഡ ഭാഷാ വിവാദത്തില്‍ നിലപാടില്‍ ഉറച്ച് കമല്‍ ഹാസന്‍. കര്‍ണാടക ഹൈക്കോടതിയിലാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പുതിയ ചിത്രം കര്‍ണാടകയില്‍ നിലവില്‍ റിലീസ് ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കന്നഡ ഭാഷയോട് നടന് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കൂടുതലൊന്നും വ്യക്തമാക്കേണ്ടതില്ലെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍, നടന്റെ അഹങ്കാരമാണ് സംസാരിക്കുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഫിലിം ചേംബറുമായുള്ള ചര്‍ച്ച തുടരുമെന്നും കമല്‍ ഹാസന്‍ കോടതിയില്‍ പറഞ്ഞു.

ജൂണ്‍ പത്തിന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അഭിപ്രായ സ്വാതന്ത്ര്യം ആവാം പക്ഷേ അത് വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തില്‍ ആവരുത് എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

'പൊതുജനവികാരത്തെ കൈയ്യടക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ സംസാരിച്ചത് ഈ സാഹചര്യത്തിലാണ്, പക്ഷേ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്ന് പറയണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

കര്‍ണാകടകയില്‍ നിന്നും നിങ്ങള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് കന്നഡക്കാരുടെ ആവശ്യമില്ലെങ്കില്‍ വരുമാനവും ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു.

SCROLL FOR NEXT