Source: Instagram
NATIONAL

'എൻ്റെ വീട് പൊളിച്ചില്ലേ, എന്നെ അധിക്ഷേപിച്ചില്ലേ'; മുംബൈയിലെ ബിജെപിയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കങ്കണ റണാവത്ത്

ശിവസേന അധികാരത്തിൽ നിന്ന് പുറത്തായതിലും കങ്കണ അതീവ ആഹ്ലാദം പ്രകടിപ്പിച്ചു

Author : വിന്നി പ്രകാശ്

മുംബൈ മുനിസിപ്പൽ ബോഡിയായ ബിഎംസിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം കരസ്ഥമാക്കിയതിന് ബിജെപിയെ അഭിനന്ദിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് കങ്കണ അഭിനന്ദനം അറിയിച്ചു.

2020-ൽ അവിഭക്ത ശിവസേന അധികാരത്തിലിരുന്നപ്പോൾ മുംബൈയിലെ കങ്കണയുടെ ബംഗ്ലാവിനോട് ചേർന്നുള്ള ഓഫീസ് പൊളിച്ചുമാറ്റിയിരുന്നു. ആ ശിവസേന അധികാരത്തിൽ നിന്ന് പുറത്തായതിലും കങ്കണ അതീവ ആഹ്ളാദം പ്രകടിപ്പിച്ചു.

"എന്നെ അധിക്ഷേപിച്ചവരും, എൻ്റെ വീട് പൊളിച്ചുമാറ്റിയവരും, എന്നെ ചീത്ത വിളിച്ചവരും, മഹാരാഷ്ട്ര വിടണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഇന്ന് മഹാരാഷ്ട്ര ഉപേക്ഷിച്ചു" എന്നും കങ്കണ പറഞ്ഞു. സ്ത്രീ വിദ്വേഷികൾക്കും, ഭീഷണിപ്പെടുത്തുന്നവർക്കും, സ്വജനപക്ഷപാത മാഫിയകൾക്കും ജനതാ ജനാർദ്ദൻ അവരുടെ ശരിയായ സ്ഥാനം കാണിച്ചുതരുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുംബൈയിലെ 227 സീറ്റുകളിൽ ബിജെപി 90 എണ്ണത്തിലും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 വാർഡുകളിലും വിജയം നേടി. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മൂന്ന് വാർഡുകളിൽ മാത്രമാണ് മുന്നേറാനായത്.

പ്രതിപക്ഷ ക്യാമ്പിൽ ശിവസേന (യുബിടി) 57 വാർഡുകളിലും സഖ്യകക്ഷിയായ മഹാരാഷ്ട്ര നവനിർമാൺ സേന ഒമ്പത് വാർഡുകളിലും മുന്നിലാണ്. വഞ്ചിത് ബഹുജൻ അഘാഡിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് 15 വാർഡുകളിലും മറ്റുള്ളവർ എട്ട് വാർഡുകളിലും മുന്നിലാണ്.

SCROLL FOR NEXT