ഹിമാചലിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച് ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ദുരിത ബാധിതരോട് തന്റെ 'കഷ്ടപ്പാട്' വിവരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം നേരിടുന്നത്. മണാലിയിലെ തന്റെ റസ്റ്റുറന്റില്‍ കഴിഞ്ഞ ദിവസം 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നതെന്നും എന്നാല്‍ താന്‍ ശമ്പളമായി തൊഴിലാളകള്‍ക്ക് നല്‍കേണ്ടത് 15 ലക്ഷം രൂപയാണെന്നുംമായിരുന്നു കങ്കണയുടെ പരാമര്‍ശം.
'ഇന്നലെ എന്റെ കടയില്‍ 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നത്. പക്ഷെ 15 ലക്ഷം രൂപ ഞാന്‍ ശമ്പളമായി നല്‍കണം. എന്റെ വേദന കൂടി മനസിലാക്കൂ. ഞാനും ഹിമാചലുകാരിയാണ്. ഇവിടെ താമസിക്കുന്ന ഒരാളാണ്,' കങ്കണ പറഞ്ഞു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങളാണ് ബിജെപി എംപിയോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് എത്തിയത്. എന്നാല്‍ ഈ സമയത്തായിരുന്നു കങ്കണയുടെ വിവാദ മറുപടി.
ഈ വര്‍ഷം ആദ്യമാണ് ദ മൗണ്ടൈന്‍ സ്റ്റോറി എന്ന തന്റെ റസ്റ്റുറന്‍ മണാലിയില്‍ ആരംഭിക്കുന്നത്. യഥാര്‍ഥ ഹിമാചല്‍ ഭക്ഷണം വിളമ്പുന്ന സ്ഥലമായിരിക്കും തന്റെ റസ്റ്റുറന്റ് എന്നാണ് കങ്കണ വാഗ്ദാനം ചെയ്തത്. എന്നാല്‍ പ്രളയം കങ്കണയുടെ റസ്റ്റുറന്റിനെയും മോശമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാവും മുന്‍ മുന്‍ മണാലി എംഎല്‍എയുമായ ഗോവിന്ദ് സിംഗ് ഠാക്കൂറിനൊപ്പമാണ് സൊളാങ്ങിലും പല്‍ച്ചാനും കങ്കണ എത്തിയത്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പ്രദേശത്തുള്ള 16ഓളം വീടുകള്‍ സുരക്ഷിതമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് മാറി താമസിക്കേണ്ട സാഹചര്യത്തെക്കുറിച്ചുമെല്ലാം പ്രദേശവാസികള്‍ കങ്കണയോടായി പറയുന്നുണ്ടായിരുന്നു.