NATIONAL

മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിലെത്തുമെന്ന് കർണാടക ബിജെപി; വേഗം കൊണ്ടുപോകാൻ ഡി.കെ. ശിവകുമാറിൻ്റെ വെല്ലുവിളി!

കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്ന വിവാദങ്ങൾക്കിടയിലാണ് വിജയേന്ദ്രയുടെ ഈ വിവാദ പ്രസ്താവന.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കർണാടക ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി.വൈ. വിജയേന്ദ്ര തിങ്കളാഴ്ച നടത്തിയൊരു പ്രസ്താവന കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ 25 കോൺഗ്രസ് എംഎൽഎമാരെങ്കിലും ബിജെപിയിൽ ചേരാൻ തയ്യാറാകുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വാക്കുകൾ. ഈ പ്രസ്താവന ഭരണകക്ഷിയായ കോൺഗ്രസിനെ ഒരേസമയം ചൊടിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്ന വിവാദങ്ങൾക്കിടയിലാണ് വിജയേന്ദ്രയുടെ ഈ വിവാദ പ്രസ്താവന.

എന്നാൽ ബിജെപിയുടെ വാദങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അധികം സമയം പാഴാക്കാതെ തന്നെ എംഎൽഎമാരെ വിളിച്ചുകൊണ്ട് പോകൂവെന്ന വെല്ലുവിളിയാണ് കർണാടക മുഖ്യമന്ത്രി നടത്തിയത്. "ആദ്യം അയാളോട് അവരെ പാർട്ടിയിലേക്ക് കൊണ്ടുപോകാൻ പറയൂ. അയാളോട് ഒട്ടും വൈകിക്കരുതെന്നും പറഞ്ഞേക്കൂ," എന്നായിരുന്നു ശിവകുമാറിൻ്റെ ആദ്യ പ്രതികരണം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിന് ബിജെപിയേയും ജെഡിഎസിനേയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമർശിച്ചു. "ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കുമാരസ്വാമിക്കും വിജയേന്ദ്രയ്ക്കും അറിയില്ലായിരുന്നു. അവരുടെ നേതാക്കൾ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്. അവർക്ക് വേറെ എന്താണ് വേണ്ടത്? വിജയേന്ദ്ര സമയം ഒട്ടും പാഴാക്കാതെ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുപോട്ടെ," മുഖ്യമന്ത്രി പരിഹസിച്ചു.

കർണാടകയിൽ കോൺഗ്രസ് ഭരണത്തിൽ വലിയ ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലുള്ള വിശ്വാസം കോൺഗ്രസ് നേതാക്കൾക്ക് നഷ്ടപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്നലെ ആരോപിച്ചിരുന്നു. നാളെ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെ 25 ഭരണകക്ഷി എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്നും ബി.വൈ. വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭയിലുള്ളവരെ കുടുക്കാന്‍ സ്റ്റിങ് ഓപ്പറേഷന്‍ കെണികള്‍ ഒരുങ്ങുന്നുണ്ടെന്നും സൂക്ഷിച്ച് പ്രവര്‍ത്തിക്കണമെന്നും ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം ഭരണകക്ഷി എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തനിക്കും തന്‍റെ മന്ത്രിസഭയ്ക്കുമെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

SCROLL FOR NEXT