Source: Screengrab
NATIONAL

കർണാടക നേതൃമാറ്റത്തിലേക്കോ? ഡി.കെ. ശിവകുമാർ അനുകൂല എംഎൽഎമാർ ഡൽഹിയിലേക്ക്

എഐസിസി നേതൃത്വവുമായി എംഎൽഎമാർ കൂടിക്കാഴ്ച നടത്തിയേക്കും...

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിലെ ഡി.കെ ശിവകുമാർ അനുകൂല എംഎൽഎമാർ ഡൽഹിയിലേക്ക്. എഐസിസി നേതൃത്വവുമായി എംഎൽഎമാർ കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും രണ്ടര വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കർണാടക കോൺഗ്രസിലെ പുതിയ നീക്കങ്ങൾ.

സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്നും ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടെയാണ് ഡി.കെ ശിവകുമാർ അനുകൂല എംഎൽഎമാർ ഡൽഹിയിലേക്ക് തിരിക്കുന്നത്. മന്ത്രി എൻ. ചാലുവരായസ്വാമി, നിയമസഭാംഗങ്ങളായ ഇക്ബാൽ ഹുസൈൻ, എച്ച.സി. ബാലകൃഷ്ണ, എസ്.ആർ. ശ്രീനിവാസ് എന്നിവരാണ് ഡൽഹിയിലേക്ക് തിരിച്ചത്. ഇവർ ഹൈക്കമാൻഡ് അംഗങ്ങളുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയേക്കും.

നവംബര്‍ മാസത്തോടെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടരക്കൊല്ലം പൂര്‍ത്തിയായി. 2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. അന്ന് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയ നേതൃത്വം രണ്ടരക്കൊല്ലത്തിന് ശേഷം ഡി.കെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ഉപയോഗിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

SCROLL FOR NEXT