ബെംഗളൂരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു കുട്ടി അടക്കം 11 പേര്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുക. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തിനിടെയും ആഘോഷം തുടർന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.
ഉത്തരവാദിത്തത്തിൽ നിന്ന് ഒരു തരത്തിലും ഒളിച്ചോടാനില്ല. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ഗേറ്റുകളിലൂടെ ആളുകൾ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റേത് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി നേരത്തെയും പ്രതികരിച്ചിരുന്നു. 35,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി സ്റ്റേഡിയം. അതുകൊണ്ട് തന്നെ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അത്രയും പേരെ, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കുറച്ചുപേരെ കൂടിയേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ദുരന്തം ഹൃദയഭേദകമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മാപ്പും പറഞ്ഞിരുന്നു. ആവേശത്തില്‍ ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായി. 5000 പൊലീസുകാരെ വിന്യസിച്ചെങ്കിലും നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരിപാടി ഐപിഎല്ലിന്റെ ഭാഗമല്ലെന്നായിരുന്നു ഐപിഎൽ ചെയർമാൻ്റെ പ്രതികരണം.
അതേസമയം, അപടത്തിൽ മരിച്ച 11 പേരിൽ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിവ്യാംശി (13), ദിയ (26), ശ്രാവൺ (21), ഭൂമിക്, സഹാന, ദേവി, ശിവു (17), മനോജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ കർണാട സർക്കാരും 5 ലക്ഷം രൂപ ക്രിക്കറ്റ് അസോസിയേഷനും പ്രഖ്യാപിചിട്ടുണ്ട്. പരിക്കേറ്റ 50 പേർ ചികിത്സയിൽ തുടരുകയാണ്.