വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ പരിപാടികളില്‍ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ടു പങ്കെടുക്കുന്ന പരിപാടികളിൽ പൂർണമായും ആലപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുന്നതിനിടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം, കേന്ദ്ര നിർദേശങ്ങൾ അവഗണിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുതിയ വിവാദങ്ങൾക്കൊപ്പം, ഇരു സര്‍ക്കാരുകളും തമ്മിലുള്ള പോരിനും വഴിതുറന്നേക്കും.
കോണ്‍ഗ്രസ് കാലങ്ങളായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡിക മാത്രമാണ് ആലപിക്കുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു. നേരത്തെ, ലോക്ഭവനിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചും വന്ദേമാതരം മുഴുവനായി പാടിയിരുന്നു. വന്ദേമാതരം ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസിന് ഇതെല്ലാം തിരിച്ചടിയായിരുന്നു.