ധർമസ്ഥല - പരിശോധന Source; X
NATIONAL

ധർമസ്ഥലയിൽ വീണ്ടും കുഴിച്ച് പരിശോധന നടത്തും; അനുമതി നൽകി ആഭ്യന്തര വകുപ്പ്

സാക്ഷിയേയും, സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നൽകിയ വ്യക്തികളെയും ഒരുമിച്ചിരുത്തി മൊഴി രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുമാണ് നിർദേശം.

Author : ന്യൂസ് ഡെസ്ക്

ധർമസ്ഥലയിൽ വീണ്ടും കുഴിച്ചുള്ള പരിശോധനയ്ക്ക് അനുമതി നൽകി കർണാടക ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമായ സാഹചര്യത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്ഥലങ്ങളിലും കുഴിയെടുക്കാൻ എസ്ഐടിക്ക് സർക്കാർ അനുമതി നൽകിയത്. ഡിജിപി പ്രണബ് മൊഹന്തി ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.

വനഭൂമിയിലും സ്വകാര്യ ഭൂമിയിലും ഒരുപോലെ പരിശോധന നടത്തിയിട്ടും ഒന്നും ലഭിക്കാതായതോടെയാണ് താൽക്കാലികമായി കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളായി ഇത്തരം പരിശോധനകൾ നടത്തിയിരുന്നില്ല. പകരമായി പുതിയ സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തുകയും ശാസ്ത്രീയ പരിശോധന നടത്തിവരികയുമായിരുന്നു.

ഇതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ ഡിജിപി പ്രണബ് മൊഹന്തി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ പ്രാദേശികമായ സമരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡിജിപി മന്ത്രിയെ അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കോടതി നിരീക്ഷിക്കുന്ന കേസായതിനാൽ അന്വേഷണം വൈകിപ്പിക്കുന്നത് ശരിയല്ലെന്നും സാക്ഷി എസ്ഐടിയോട് സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചാൽ സർക്കാരിന് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടി കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

ഇതിനു മുന്നോടിയായി സാക്ഷിയേയും, സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നൽകിയ വ്യക്തികളെയും ഒരുമിച്ചിരുത്തി മൊഴി രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുമാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.ഒപ്പം പഞ്ചായത്ത് നേരിട്ട് സംസ്കരിച്ച മൃതദേഹങ്ങളുടെയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും കണക്കുകൾ പ്രത്യേകം പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികമായി രാഷ്ട്രീയപാർട്ടികൾ സമരവുമായി എത്തിയാൽ ലോക്കൽ പൊലീസ് നേരിടുമെന്നും എസ്ഐടിക്ക് ദൗത്യവുമായി മുന്നോട്ടു പോകാമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

എന്നാൽ സാക്ഷി പറയുന്ന 50-ലേറെ സ്പോട്ടുകളിൽ ഇനിയും കുഴിച്ചുള്ള പരിശോധന നടത്തുക എന്നത് അന്വേഷണസംഘത്തെ സംബന്ധിച്ച് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. അതിനാൽ വിശദമായ മൊഴിയെടുപ്പിനും സാമ്പിൾ പരിശോധനകൾക്കും ശേഷം മാത്രമാകും പരിശോധന പുനരാരംഭിക്കുക. ഇതിനു മുന്നോടിയായി സ്വകാര്യഭൂമിയിൽ വീണ്ടും ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

SCROLL FOR NEXT