മൈസൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാട്സ്ആപ്പിലൂടെ വിൽക്കാൻ ശ്രമിച്ച സെക്സ് റാക്കറ്റിന് പൂട്ടിട്ട് കർണാടക പൊലീസ്. ഒരു പെൺകുട്ടിക്ക് 20 ലക്ഷം രൂപ വരെ വിലയിട്ടായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ബെംഗളൂരു സ്വദേശിനിയായ ശോഭയെയും കൂട്ടാളി തുളസി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
'ഓടനാടി സേവാ സംസ്തേ' എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവിധ മാനസിക രോഗങ്ങൾ ഭേദമാക്കുമെന്ന അന്ധവിശ്വാസം നിലവിലുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഈ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓടനാടി എൻജിഒയ്ക്ക് ലഭിച്ചിരുന്നു. പിന്നാലെ ഇവരെ കുടുക്കാനായി സംഘം സെക്സ് റാക്കറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചു. 12 വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് ഓടനാടി പ്രവർത്തകർക്ക് സെക്സ് റാക്കറ്റ് കാണിച്ചുനൽകിയത്. കുട്ടിയുടെ വീഡിയോ വാട്ട്‌സ്ആപ്പ് വഴി അയച്ചുനൽകുകയും ചെയ്തു.
ആദ്യം മകളാണെന്നും, പിന്നീട് മരുമകളാണെന്നും പറഞ്ഞായിരുന്നു കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. കൂടിയുണ്ടായിരുന്നത് തൻ്റെ ഭർത്താവ് തുളസി കുമാറാണെന്നും അവർ പറഞ്ഞിരുന്നു. ഓടനാടി പ്രവർത്തകർ നൽകിയ റിപ്പോർട്ട് പ്രകാരം പൊലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം കെണിയിലായി. ഒടുവിൽ, ലൈംഗിക റാക്കറ്റിൽ തനിക്ക് പങ്കുണ്ടെന്ന് ശോഭ സമ്മതിച്ചു.
ആറാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പൊലീസ് ഇവരുടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുത്തി. പെൺകുട്ടി ഇപ്പോൾ കുട്ടികളുടെ ഭവനത്തിൽ താമസിക്കുകയാണ്. പ്രതികളായ ശോഭയെയും തുളസി കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.