NATIONAL

കര്‍ണാടകയില്‍ ഇനി പുകയില ഉപയോഗിക്കാൻ പ്രായം 18 ആയാൽ പോര; സർക്കാരിൻ്റെ പുതിയ തീരുമാനം

സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.

Author : ന്യൂസ് ഡെസ്ക്

പുകയിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായം 18ല്‍ നിന്നും വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. 2003ലെ സിഗററ്റ്‌സ് ആന്ഡ് അതര്‍ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ടിലെ (സിഒടിപിഎ) ദേദഗതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ദേശീയ പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം. സംസ്ഥാനത്ത് പുകയിലയുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.

നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് മെയ് 23ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും മെയ് 30ന് അത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

18 വയസില്‍ നിന്നും 21 വയസിലേക്കാണ് വര്‍ധിപ്പിച്ചത്. ഇതിനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ സിഗററ്റ് മാത്രമായി നൽകുന്നതും സിഗററ്റുകള്‍ ലൂസ് ആയി വില്‍ക്കുന്നതും ഇനി മുതല്‍ അനുവദിക്കില്ല.

കര്‍ണാടകയില്‍ ഹുക്ക ബാറുകള്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. റസ്റ്ററന്റുകള്‍, പബുകള്‍, കഫേകള്‍ എന്നിവടങ്ങളിലൊന്നും ഇനി മുതല്‍ ഹുക്കകളും ഉപയോഗിക്കാന്‍ സാധിക്കില്ല. നിയമം ലംഘിച്ച് ഹുക്ക ബാറുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവായിരിക്കും ശിക്ഷയായി ലഭിക്കുക. ഇതിനോടൊപ്പം 50,000 മുതല്‍ 1 ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്തുകൊണ്ടാണ് നിയമ ഭേദഗതി വരുത്തിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. പ്രത്യേകിച്ചും യുവാക്കളുടെ സ്‌കൂളുകളിലും കോളേജുകളിലുമുള്ള പുകയിലയുടെ ഉപയോഗം തടയുക എന്നതുകൂടിയാണ് ലക്ഷ്യം വെക്കുന്നത്.

2024 മുതല്‍ തന്നെ സംസ്ഥാനത്ത് ഹുക്ക ബാറുകള്‍ക്ക് നിരോധനമുണ്ടെങ്കിലും ബെംഗളൂരുവിലും മറ്റുമായി പലയിടങ്ങളിലും നിരോധിത ഹുക്ക ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 20ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും 12 ലക്ഷത്തിലേറെ വിലവരുന്ന ഹുക്ക പോട്‌സും അതിലുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു.

SCROLL FOR NEXT