NATIONAL

ബിജെപി സർക്കാരിൻ്റെ വിവാദ ഉത്തരവ് പിൻവലിച്ചു; കർണാടകയിലെ സ്കൂളുകളിൽ ഇനി ഹിജാബ് ധരിച്ച് പോകാം, ജപിച്ച ചരട് കയ്യിൽ കെട്ടാം

നിലവിലുള്ള യൂണിഫോമിന് പുറമെ മുഖം മറയ്ക്കാനുള്ള തട്ടം, ഹിജാബ്, ചരട് പോലുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇതോടെ പൂർണമായും നീങ്ങും.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഇനി ഹിജാബ് ധരിച്ച് പോകാം. 2022ൽ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന വിവാദ ഉത്തരവ് നിലവിലെ കോൺഗ്രസ് സർക്കാർ പിൻവലിച്ചു. സ്കൂളുകളിൽ നിയന്ത്രിതമായ രീതിയിൽ മതചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വേഷങ്ങൾ ധരിക്കാൻ അനുവദിക്കുന്ന തരത്തിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരവും വരുത്തിയിട്ടുണ്ട്. നിലവിലുള്ള യൂണിഫോമിന് പുറമെ മുഖം മറയ്ക്കാനുള്ള തട്ടം, ഹിജാബ് പോലുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇതോടെ പൂർണമായും നീങ്ങും.

ഹിജാബിന് പുറമെ സിഖ് മതക്കാരുടെ ടർബൻ, ബ്രാഹ്മണർക്കിടയിലെ പൂണൂൽ, ഹിന്ദു മതസ്ഥർ ധരിക്കുന്ന രുദ്രാക്ഷം, ശിവധാര, വിവിധ മതസ്ഥർ കയ്യിൽ കെട്ടുന്ന വിശ്വാസ സംബന്ധമായ ചരടുകൾ എന്നിവയെല്ലാം സ്കൂളുകളിൽ അനുവദിക്കാമെന്നാണ് പുതിയ ഗൈഡ് ലൈനിൽ പറയുന്നത്. അനുവദനീയമായ മതപരമായ വേഷങ്ങൾ ധരിച്ചെത്തുന്ന വിദ്യാർഥികളെ വിദ്യാലയങ്ങളിൽ തടയരുതെന്നും കർണാടക സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

നേരത്തെ ബിജെപി സർക്കാരിന് കീഴിൽ കർണാടകയിലെ വിദ്യാലയങ്ങൾക്ക് കീഴിൽ ഹിജാബിനെതിരെ വലിയ തോതിലുള്ള വർഗീയ പ്രചാരണങ്ങൾ അരങ്ങേറിയിരുന്നു. വിശ്വ ഹിന്ദു പരിഷത്, ബജ്റങ് ദൾ പോലുള്ള ഹിന്ദുത്വ സംഘടനകളും എബിവിപി പോലുള്ള വിദ്യാർഥി സംഘടനകളും സംസ്ഥാന വ്യാപകമായി ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികളെ അപമാനിക്കാനും സ്കൂളുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനും ശ്രമിച്ചത് കർണാടകയിൽ വ്യാപകമായ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി പുതിയ നിയമം കൊണ്ടുവന്നത്.

ഇസ്ലാം മതസ്ഥരായ നിരവധി വിദ്യാർഥികളെ ഇത്തരം വിവാദ തീരുമാനങ്ങൾ വിഷമിപ്പിച്ചിരുന്നു. നിരവധി വിദ്യാർഥികൾ സ്കൂളുകൾ മാറിപ്പോകുകയും പഠനം നിർത്തുകയും ചെയ്യേണ്ട സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു.

SCROLL FOR NEXT