NATIONAL

കരൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്, എപ്പോഴാണ് അറിഞ്ഞത്? വിജയ്‌യോട് സിബിഐ

പതിമൂന്ന് ചോദ്യങ്ങളാണ് വിജയ്‌യോട് സിബിഐ ചോദിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ നേതാവും നടനുമായ വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നോടെയാണ് പ്രത്യേക വിമാനത്തില്‍ വിജയിയും അഭിഭാഷകരുമടങ്ങുന്ന സംഘം ഡല്‍ഹിയില്‍ എത്തിയത്.

അപകടവുമായി ബന്ധപ്പെട്ട് വിജയിയോട് നിരവധി ചോദ്യങ്ങള്‍ സിബിഐയുടെ പ്രത്യേക ടീം ചോദിച്ചതായാണ് റിപ്പോര്‍ട്ട്. കരൂരില്‍ പരിപാടി നടത്താന്‍ ആരാണ് തീരുമാനിച്ചത്, അതിനെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞത്, കരൂരില്‍ പരിപാടി ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും പാര്‍ട്ടിയില്‍ ആരെയാണ് ഉത്തരവാദിത്തം ഏല്‍പ്പിച്ചത് എന്ന് തുടങ്ങി നിര്‍ണായകമായ ചോദ്യങ്ങളാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചത്.

പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തൊക്കെയായിരുന്നുവെന്നും തദ്ദേശ ഭരണകൂടവുമായി മുന്‍കൂട്ടി എന്തെങ്കിലും അപകട സാധ്യത വിലയിരുത്തിയിരുന്നോയെന്നും വിജയിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചു. പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടിയിരുന്ന പരിപാടിയില്‍ എത്തിയവരുടെ എണ്ണം 30,000 ആയി വര്‍ധിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ഏകോപപ്പിച്ചിരുന്നോയെന്നും ചോദ്യം ഉയര്‍ന്നു.

പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിവെള്ളവും അകത്തേക്ക് കടക്കാനും പുറത്തിറങ്ങാനും കൃത്യമായ സ്ഥലങ്ങള്‍ ക്രമീകരിച്ചിരുന്നോ, തിരക്കേറിയിയ സ്ഥലത്തു കൂടി കാരവാന്‍ പോകാന്‍ എങ്ങനെയാണ് അനുവാദം ലഭിച്ചത്, വേദിയിലെത്താന്‍ ഏഴ് മണിക്കൂര്‍ വൈകാനുള്ള കാരണം എന്തായിരുന്നു തുടങ്ങി നിര്‍ണായകമായ ചോദ്യങ്ങളും വിജയ്ക്ക് മുന്നില്‍ എത്തി.

നിശ്ചയിച്ച സമയവും വേദിയിലേക്ക് എത്താന്‍ എടുത്ത സമയവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. അപകടത്തെ കുറിച്ച് വിജയ് എപ്പോഴാണ് അറിഞ്ഞതെന്നും വേദിയില്‍ എത്തിയതും പോയതുമായ കൃത്യസമയം എത്രയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു.

വിജയ് എത്താന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നായിരുന്നു തമിഴ്‌നാട് പൊലീസ് പറഞ്ഞിരുന്നത്. വിജയിയെ കാത്ത് ദീര്‍ഘനേരം ആളുകള്‍ ഇരുന്നതും കൂടുതല്‍ പേര്‍ നിയന്ത്രണാതീതമായി എത്താനും കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ടോയ്‌ലറ്റ് സൗകര്യമോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭരണകക്ഷിയായ ഡിഎംകെയുടെ ഗൂഢാലോചനയാണെന്നാണ് ടിവികെയുടെ ആരോപണം. ജനക്കൂട്ട നിയന്ത്രണത്തിനും വേദിയിലേക്കുള്ള സമീപ റോഡുകളിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിലും പോലീസിന് വീഴ്ച പറ്റിയെന്നുമായിരുന്നു ടിവികെയുടെ ആരോപണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് കരൂരില്‍ ടിവികെയുടെ പൊതു പരിപാടിക്കിടെ തിക്കിലും തിരക്കിലും മപെട്ട് 41 പേര്‍ മരണപ്പെട്ടത്.

SCROLL FOR NEXT