തമിഴ്നാട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ കരൂരിലെത്തി. ജസ്റ്റിസ് അരുണ ജഗദീശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരൂരിലെ വേലുസാമിപുരത്ത് പരിപാടി നടന്ന വേദി സന്ദർശിച്ചുകൊണ്ടാണ് അവർ അന്വേഷണം ആരംഭിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഡിഎംകെയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ടിവികെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയോ അല്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ടിവികെയുടെ അഭിഭാഷകൻ അരിവഴകൻ എൻഡിടിവിയോട് പറഞ്ഞു.
അതേസമയം, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് വിജയ് ധനസാഹം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വീതവും നല്‍കുക. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് വിജയ് യുടെ പ്രഖ്യാപനം. കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം പണം കൊണ്ട് നികത്താനാകില്ലെന്ന് അറിയാമെന്ന് പോസ്റ്റില്‍ വിജയ് പറയുന്നു. കഴിഞ്ഞ ദിവസം കരൂരില്‍ സംഭവിച്ചതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഹൃദയവും മനസും പറയാനാകാത്ത വിധം ഭാരമുള്ളതാകുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ്.
40 പേരാണ് കരൂരിലെ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.