വിജയ് Source: X
NATIONAL

കരൂർ ദുരന്തം: ഗൂഢാലോചന ആരോപിച്ചുള്ള ടിവികെ ഹർജി ഇന്ന് പരിഗണിക്കും

ജുഡീഷ്യല്‍ അന്വേഷണം പൂർത്തിയാകുന്നതുവരെ, ടിവികെ റാലികള്‍ തടണമെന്നാവശ്യപ്പെട്ട് പരിക്കേറ്റവരിലൊരാള്‍ നല്‍കിയ ഹർജിയും കോടതി പരിഗണിക്കും

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്: പത്ത് കുട്ടികളടക്കം 41 പേരുടെ ജീവനെടുത്ത, കരൂർ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം പൂർത്തിയാകുന്നതുവരെ, ടിവികെ റാലികള്‍ തടണമെന്നാവശ്യപ്പെട്ട് പരിക്കേറ്റവരിലൊരാള്‍ നല്‍കിയ ഹർജിയും കോടതി പരിഗണിക്കും. ഇതിനിടെ വിജയ്‌യുടെ ചെന്നെെയിലെ വീടിന് നേർക്ക് ബോംബ് ഭീഷണിയുണ്ടായി. വിജയ്‌ കരൂർ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടരുന്നതിനിടെയാണ് ഭീഷണി സന്ദേശം എത്തിയത്.

കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നാണ് ടിവികെയുടെ ആവശ്യം. തമിഴ്നാട് പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നുമാണ് ഹർജിയിലെ ആരോപണം. പൂജാ അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിക്കുന്നത്. പരിപാടിക്കിടെ പവർക്കട്ട് ഉണ്ടായെന്ന ടിവികെയുടെ ആരോപണം തമിഴ്നാട് ഇലക്ട്രസിറ്റി ബോർഡ് തള്ളി. വിജയ് എത്തുന്നതിന് അല്‍പ്പസമയം മുന്‍പ് വെെദ്യുത നിയന്ത്രണം ഏർപ്പെടുത്തിയത്, മരങ്ങളിലും മേല്‍ക്കൂരകളിലും കയറിയിരുന്നവരെ താഴെയിറക്കാനായിരുന്നു എന്നും, ഉടന്‍ തന്നെ വെെദ്യുതി പുനസ്ഥാപിച്ചിരുന്നു എന്നുമാണ് വിശദീകരണം. അപകടത്തിനു തൊട്ടുമുൻപ് കല്ലേറുണ്ടായെന്ന വാദം, എഡിജിപി ഡി. ഡേവിഡ്‍സൺ തള്ളിയിരുന്നു.

ഇതിനിടെ വിജയ്‌യുടെ ഈസ്റ്റ് ചെെന്നെെയിലെ വീട്ടില്‍ ബോംബ് ഭീഷണിയെത്തി. ഞായറാഴ്ച രാത്രി വെെകിയാണ് വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതസന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. വിജയ്‌യുടെ കരൂർ സന്ദർശനം സംബന്ധിച്ച് ടിവികെയില്‍ കൂടിയാലോചനകള്‍ തുടരുന്നതിനിടെയാണ് ബോംബ് ഭീഷണിയെത്തിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ദുരന്തഭൂമി സന്ദർശിച്ച ജസ്റ്റിസ് അരുണ ജഗദീശന്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. ആശുപത്രിയിലെത്തി പരിക്കേറ്റവരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തു. അപകടത്തില്‍ ടിവികെ കരൂർ ജില്ലാസെക്രട്ടറി അടക്കം രണ്ട് സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. അതേസമയം, വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.

SCROLL FOR NEXT