ന്യൂ ഇയർ പുലരിയിൽ അതിശൈത്യത്തിൻ്റെ പിടിയിലമർന്ന് ഉത്തരേന്ത്യ. കശ്മീരിലെ ഉയർന്ന പ്രദേശങ്ങളെല്ലാം മഞ്ഞിൽ മൂടിയപ്പോൾ പുതുവർഷത്തലേന്ന് ഡൽഹിയിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസമായി രേഖപ്പെടുത്തി. 2019 ഡിസംബർ 31-നാണ് ഡൽഹിയിൽ അവസാനമായി ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഹിമാലയൻ മേഖലയിൽ നിന്നുള്ള തണുത്ത വടക്കൻ കാറ്റ് ഡൽഹിയിലേക്ക് നീങ്ങുന്നതിനാൽ ജനുവരി 3 മുതൽ താപനില ഇനിയും കുറയുമെന്നും ഐഎംഡി പ്രവചിച്ചു.
അതേസമയം, മുംബൈയിൽ പുതുവത്സരം ആരംഭിച്ചത് മഴയോടെയായിരുന്നു. രാജസ്ഥാനിൽ മഴയുടെ വരവറിയിച്ച് ചെറിയ ഇടിമിന്നലോടെയായിരുന്നു പുതുവർഷത്തിൻ്റെ തുടക്കം. ഉച്ചകഴിഞ്ഞ് ഡൽഹി-എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ പ്രവചനം. അതേസമയം, കനത്ത മൂടൽ മഞ്ഞിലും വിഷപ്പുകയിലും മൂടി നിൽക്കുകയാണ് രാജ്യ തലസ്ഥാനം.
ഹിമാചൽ പ്രദേശിൽ, പുതുവത്സരം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ തിങ്ങിനിറഞ്ഞപ്പോൾ, റോഹ്താങ് പാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. അതേസമയം വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മണാലി, ധർമ്മശാല, കസൗലി, ഡൽഹൗസി എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായില്ല.