കെ.എൻ. രാജണ്ണ 
NATIONAL

പുറത്താക്കിയതിൽ വലിയ ഗൂഢാലോചനയുണ്ട്, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും: കെ.എൻ. രാജണ്ണ

ഹൈക്കമാൻഡ് തെറ്റിദ്ധരിച്ചതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കർണാടക മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.എൻ. രാജണ്ണ. സംഭവത്തിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും രാജണ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരാണ് എന്തിനാണ് ഇത് ചെയ്തെന്ന് സമയം വരുമ്പോൾ പറയാം എന്നും ഹൈക്കമാൻഡ് തെറ്റിദ്ധരിച്ചതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ ഇപ്പോൾ ഒരു വിവരവും പറയുന്നില്ല, രാജി, പുറത്താക്കൽ എന്നീ വാക്കുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷേ ഇതിനെല്ലാം പിന്നിൽ ഒരു വലിയ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ആരാണ് എന്തിനാണ് ഇത് ചെയ്തെന്ന് ശരിയായ സമയം വരുമ്പോൾ ഞാൻ അറിയിക്കും. ഇപ്പോൾ അത് പറയുന്നില്ല. രാഹുൽ ഗാന്ധിയെ കണ്ട് തെറ്റിദ്ധാരണ വ്യക്തമാക്കും. ചില എംഎൽഎമാരും മന്ത്രിമാരും എന്നോടൊപ്പം ചേരും", കെ.എൻ. രാജണ്ണ.

ഹൈക്കമാൻ്റിൻ്റെ നിർദേശപ്രകാരമാണ് രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. വോട്ട് ചോരി ആരോപണത്തിൽ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയത്. കോൺഗ്രസ് ഭരണത്തിന് കീഴിലാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതെന്ന് എന്നായിരുന്നു കർണാടക സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവ നമ്മുടെ കൺമുന്നിൽ നടന്നതാണെന്നും വേണ്ട രീതിയിൽ നിരീക്ഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

SCROLL FOR NEXT