NATIONAL

കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം; അഞ്ച് പേര്‍ മരിച്ചു

ല വീടുകളും ഭാഗികമായും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വിവിധ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: കനത്തമഴയില്‍ മുങ്ങി കൊല്‍ക്കത്ത നഗരം. വിവിധയിടങ്ങളില്‍ വെള്ളം കയറിയതിന് പിന്നാലെ അഞ്ച് പേര്‍ മരിച്ചു. ബെനിയാപൂര്‍, കാലിപൂര്‍, നേതാജി നഗര്‍, ഗരിയാഹട്ട്, ഇക്ബാല്‍പൂര്‍ എന്നിവടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലും ദക്ഷിണ പ്രദേശങ്ങളിലുമാണ് കനത്ത മഴയില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടത്.

റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ വാഹനഗതാഗതവും തടസപ്പെട്ടു. പല വീടുകളും ഭാഗികമായും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വിവിധ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് ഗരിയ കാണ്ഡഹാരിയില്‍ 332 എംഎം മഴയാണ് വളരെ കുറച്ച് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജോധ്പൂര്‍ പാര്‍ക്കില്‍ 285 എംഎം മഴയും കാലിഘട്ടില്‍ 280 എംഎം മഴയും ടോപ്‌സിയയില്‍ 275 എംഎം മഴയും രേഖപ്പെടുത്തി. ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തിപ്രാപിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴ തുടരുന്നതിനാല്‍ വിമാനങ്ങളും വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.

'കനത്ത ഇടിയും മഴയും കാരണം വിമാനങ്ങള്‍ വൈകും. നിലവില്‍ നിയന്ത്രണവിധേയമായ സാഹചര്യമല്ല. സുരക്ഷിതമായ യാത്രയ്ക്കുള്ള എല്ലാ ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,'ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

SCROLL FOR NEXT