കൊൽക്കത്ത ലോ കോളേജ് ബലാത്സംഗക്കേസിലെ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ പോര് മുറുകുന്നു. തൃണമൂല്‍ എംപി കല്യാണ്‍ ബാനർജിയുടെയും എംഎല്‍എ മദൻ മിത്രയുടെയും വിവാദ പരാമർശങ്ങള്‍ക്ക് മഹുവ മൊയ്ത്ര എംപി മറുപടി നല്‍കിയതാണ് പുതിയ ചർച്ചകള്‍ക്ക് വഴിവെച്ചത്. നേതാക്കളുടെ പ്രസ്താവനകള്‍ "വെറുപ്പുളവാക്കുന്നതാണ്" എന്നും, ഇത്തരം പ്രസ്താവനകൾ ആര് നടത്തിയാലും അതിനെ എതിർത്ത് സംസാരിക്കുന്നതില്‍ തൃണമൂൽ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.
വ്യക്തിപരമായ അധിക്ഷേപം നിറഞ്ഞതായിരുന്നു കല്യാണ്‍ ബാനർജിയുടെ മറുപടി. മൊയ്ത്ര ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തിയെന്നും തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്നുമായിരുന്നു എംപിയുടെ പ്രതികരണം. മുൻ ബിജെഡി എംപി പിനാകി മിശ്രയുമായുള്ള മൊയ്ത്രയുടെ വിവാഹത്തെ പരാമർശിച്ചുകൊണ്ട് അവർ "ഒരു കുടുംബം തകർത്തു" എന്നും എംപി ആക്ഷേപിച്ചു. കഴിഞ്ഞ മാസമാണ് മഹുവ മൊയ്ത്രയുടെയും പിനാകി മിശ്രയുടെയും വിവാഹം നടന്നത്. അടുത്ത വർഷത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൃണമൂല്‍ ഒരുങ്ങുമ്പോഴാണ് പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ പരസ്യമാകുന്നത്.
സുഹൃത്തുക്കള്‍ ചേർന്ന് സുഹൃത്തിനെ പീഡിപ്പിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ശ്രീരാംപൂർ എംപി കല്യാണ്‍ ബാനർജിയുടെ വിവാദ പ്രസ്താവന. ഈ കുറ്റകൃത്യങ്ങളും പീഡനങ്ങളും ചില പുരുഷന്മാരാണ് ചെയ്യുന്നതെന്നും ഇത്തരം വൈകൃതമുള്ളവർക്കെതിരെയാണ് സ്ത്രീകള്‍ പോരാടേണ്ടതെന്നും കല്യാണ്‍ ബാനർജി തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. പെൺകുട്ടി അവിടെ പോയില്ലായിരുന്നെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു എന്നായിരുന്നു മദൻ മിത്രയുടെ പ്രതികരണം.
ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍, മനോജിത് മിശ്ര (31) തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ജനറല്‍ സെക്രട്ടറിയാണ്. സംഭവ ദിവസം തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ തടഞ്ഞുനിർത്തി ഗാർഡ് റൂമിനടുത്ത് വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കേസില്‍ മനോജിത് മിശ്ര ഉള്‍പ്പെടെ നാല് പേരാണ് നിലവില്‍ അറസ്റ്റിലായത്. പ്രതികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവർ ലോ കോളേജിലെ വിദ്യാർഥികളാണ്. കോളേജിലെ സെക്യൂരിറ്റി ഗാർഡാണ് അറസ്റ്റിലായ മറ്റൊരു പ്രതി.
മനോജിത് മിശ്രയ്ക്ക് പാർട്ടിയുടെ വിദ്യാർഥി വിഭാഗവുമായി ബന്ധമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട് . എന്നാല്‍ ഇയാളെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നുമാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. പക്ഷേ, തുടർന്ന് വന്ന നേതാക്കളുടെ പ്രസ്താവനകളില്‍ തൃണമൂല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങി.