ഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിൽ കടുത്ത നിലപാടുമായി സുപ്രീംകോടതി. സർക്കാരിനെയും ഗവർണറെയും മറികടന്ന് സ്വന്തം നിലയ്ക്ക് നിയമനം നടത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വ്യാഴാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ ഒറ്റ പേര് സമർപ്പിക്കാൻ സെർച്ച് കമ്മിറ്റി അധ്യക്ഷന് നിർദേശം നൽകി.ധൂലിയ നൽകുന്ന പട്ടിക സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
പലതവണ സമവായത്തിലെത്താൻ സർക്കാരിനും ഗവർണർക്കും നിർദ്ദേശം നൽകിയിട്ടും ഫലം കാണാത്ത പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ കർശന നിലപാട്. KTU, ഡിജിറ്റൽ സർവ്വകലാശാലകളിലെ വി.സി നിയമനം സുപ്രീംകോടതി നേരിട്ട് നടത്തും. വ്യാഴാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ ഒറ്റ പേര് സമർപ്പിക്കണം. വി.സി നിയമനത്തിനായി സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റി അധ്യക്ഷൻ റിട്ടയേർഡ് ജസ്റ്റിസ് സുധാംശു ധൂലിയക്കാണ് പേര് സമർപ്പിക്കാനുള്ള ചുമതല. സുപ്രീംകോടതി തീരുമാനത്തോട് സർക്കാർ പൂർണ്ണമായി യോജിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരം സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റി ഇരു സർവകലാശാലകളിലേക്കും 9 പേരുടെ പട്ടികയാണ് സർക്കാരിന് സമർപ്പിച്ചത്. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ച് ഡിജിറ്റൽ സർവ്വകലാശാലയിൽ ഡോ. സജി ഗോപിനാഥനും സാങ്കേതിക സർവകലാശാലയിൽ ഡോ. സി സതീഷ് കുമാറിനും നിയമനം നൽകണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് സുപ്രീംകോടതിയെ ഗവർണർ അറിയിച്ചതാണ് വിഷയം ഈ സാഹചര്യത്തിലേക്ക് എത്തിച്ചത്.