ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കുകി യുവതി മരണപ്പെട്ടു. രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നേരിട്ട ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും യുവതി മോചിതയായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവതി ആക്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തുടര്‍ച്ചയായ ചികിത്സയിലായിരുന്നു. ശാരീരിക പരിക്കുകള്‍ക്കൊപ്പം ആഴത്തിലേറ്റ മാനസിക ആഘാതവും, ഗുരുതരമായ ഗര്‍ഭാശയ സങ്കീര്‍ണതകളും നേരിട്ടാണ് ജനുവരി പത്തിന് യുവതി മരണത്തിന് കീഴടങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ശ്വസന തടസ്സവും നേരിട്ടിരുന്നതായി യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
"അവള്‍ വളരെ പ്രസന്നവതിയും എല്ലാവരോടും ഇടപഴക്കുന്ന സ്വഭാവക്കാരിയുമായിരുന്നു. പഠനത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ഇംഫാലിലെ ബ്യൂട്ടി പാര്‍ലറില്‍ ബന്ധുവിനൊപ്പം ജോലി ചെയ്തു വരികയായിരുന്നു. ഒരുപാട് സുഹൃത്തുക്കളുള്ള, അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു. എപ്പോഴും ചിരിച്ചും സന്തോഷത്തോടേയും മാത്രമേ അവളെ കണ്ടിരുന്നുള്ളൂ. പക്ഷെ, ആ സംഭവത്തിനു ശേഷം അവളുടെ ചിരി മാഞ്ഞു". പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍.
കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ നാല് പേര്‍ ചേര്‍ന്നാണ് ഇരുപത് വയസ്സുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മലയോര പ്രദേശത്ത് എത്തിച്ച പെണ്‍കുട്ടിയെ മൂന്ന് പേര്‍ മാറി മാറി ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
വംശീയ കലാപം രൂക്ഷമായ സമയത്ത് സായുധ മെയ്തി ഗ്രൂപ്പായ അരംബായ് ടെങ്കോള്‍ ആണ് കറുത്ത വസ്ത്രം ധരിക്കുന്നത്. മീരാ പൈബി സംഘടനയിലെ ചില അംഗങ്ങളാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന് കുകി സംഘടനകള്‍ ആരോപിച്ചിരുന്നു.
വെള്ള ബൊലേറോ കാറില്‍ നാല് പേര്‍ ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് യുവതി മുമ്പ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഒഴികെയുള്ള മൂന്ന് പേര്‍ ലൈംഗികമായി ഉപദ്രവിച്ചു. ശേഷം ഒരു കുന്നിന്‍ മുകളില്‍ കൊണ്ടുപോയി അവിടെ വെച്ചും ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
"ചെയ്യാന്‍ കഴിയുന്ന എല്ലാ ക്രൂരതകളും അവര്‍ എന്നോട് ചെയ്തു, ഒരു രാത്രി മുഴുവന്‍ വെള്ളമോ ഭക്ഷണമോ തന്നില്ല. രാവിലെ ശുചിമുറിയില്‍ പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ണിലെ കെട്ട് മാറ്റിയത്. അപ്പോഴാണ് ചുറ്റും എന്താണെന്ന് മനസ്സിലായത്. അതിനു ശേഷം കുന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു."- അനുഭവിച്ച ക്രൂരതയെ കുറിച്ച് അവള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
പച്ചക്കറികളുമായി വന്ന ഓട്ടോ റിക്ഷാ ഡ്രൈവറാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. പച്ചക്കറികള്‍ക്കിടയില്‍ ഒളിച്ചിരുന്ന് കാങ്‌പോക്പി വരെയെത്തി. പിന്നീടാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.
2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ മെയ്തി-കുകി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.