ന്യൂഡല്‍ഹി: കുടുംബം സമൂഹത്തില്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്നും നിയമ പോരാട്ടത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഉന്നാവോ കേസ് പ്രതിയുടെ മകള്‍. കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് മകള്‍ ഇഷിത സെന്‍ഗാറിന്റ തുറന്ന കത്ത്. എക്‌സിലൂടെയാണ് ഇഷിതയുടെ പ്രതികരണം.
ഭരണഘടനയെ വിശ്വസിച്ച് താനും കുടുംബവും എട്ട് വര്‍ഷം താനും കുടുംബവും ക്ഷമയോടെ കാത്തിരുന്നു. ഒച്ചപ്പാട് ഉണ്ടാക്കിയാലോ, ഹാഷ്ടാഗിലോ പൊതുജനങ്ങളുടെ ദേഷ്യത്തിലോ ഒന്നുമല്ല ഈ രാജ്യത്ത് നീതി നടപ്പാക്കപ്പെടുന്നത് എന്നും ഇഷിത എക്‌സിലെഴുതി.
ബിജെപി എംഎല്‍എയുടെ മകള്‍ ആണെന്നത് തന്റെ ആത്മാഭിമാനത്തെയും സംസാരിക്കാനുള്ള അവകാശത്തെയും ഇല്ലാതാക്കുന്നു. പലപ്പോഴായി തന്നെയും ബലാത്സംഗം ചെയ്യണമെന്നും കൊല്ലണമെന്നും ശിക്ഷിക്കണമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിരന്തരം പറയുന്നതെന്നും കുല്‍ദീപിന്റെ മകള്‍ പറഞ്ഞു.
എല്ലാ ദിവസും താനും കുടുംബവും അധിക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. സാമ്പത്തികമായും വൈകാരികമായും ശാരീരികമായും തങ്ങള്‍ തളര്‍ന്ന് പോയെന്നും ഇഷിത എക്‌സില്‍ കുറിച്ച കത്തില്‍ പറഞ്ഞു.
ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.