ഹൈദരാബാദ്: കുര്‍ണൂലില്‍ പുലര്‍ച്ചെ ബസിന് തീപിടിച്ച് നിരവധി പേര്‍ മരിച്ച അപകടത്തില്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്. അപകടം നടന്നയുടനെ മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 43 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ 19 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. ബസിന്റെ ഇന്ധന ടാങ്കില്‍ ബൈക്ക് ഉരഞ്ഞാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ബസിന്റെ വാതിലുകള്‍ ലോക്ക് ആയി കിടക്കുകയായിരുന്നുവെന്നും ഏറെ ബുദ്ധിമുട്ടിയാണ് ജനല്‍ ചില്ലുകള്‍ ചവിട്ടി തുറന്ന് പുറത്തു കടക്കാനായതെന്ന് യാത്രക്കാര്‍ ഓര്‍ത്തെടുത്തു. ബസില്‍ ആ സമയം നിറയെ പുകയായിരുന്നു. പുറത്ത് കടന്നപ്പോള്‍ പലരും ബോധം കെട്ട് റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവരെ ഞങ്ങള്‍ ബസിനടുത്ത് നിന്നും മാറ്റിയെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു.
പത്ത് പേരെങ്കിലും ബാക്കിലെ ജനലിലൂടെ പുറത്തു കടന്നു. മറ്റുള്ളവര്‍ മറ്റു ഭാഗങ്ങളിലൂടെയും കടക്കുകയായിരുന്നുവെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു.
'ഇതുവരെ അറിയാവുന്ന കാര്യം, ഒരു ബൈക്ക് വന്ന് ബസിനടിയില്‍ ചെന്നിടിച്ചു എന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഒരു ഡ്രൈവര്‍ താഴേക്ക് പോയി നോക്കി. തീ പടരുന്നത് കണ്ട് അത് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നതോടെ പ്രധാന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ നാട്ടുകാര്‍ക്കൊപ്പം ജനലും വാതിലുമൊക്കെ തകര്‍ത്ത് ഞങ്ങളെ രക്ഷപ്പെടുത്താന്‍ സഹായിച്ചു. 19 ശരീരങ്ങളെങ്കിലും ഞങ്ങള്‍ക്ക് ബസിനകത്ത് നിന്ന് കണ്ടെത്താനായി. ഒപ്പം ബൈക്ക് ഓടിച്ചയാളുടെ മൃതദേഹവും,' യാത്രക്കാരന്‍ പറഞ്ഞു.