Image: X  
NATIONAL

സംഘര്‍ഷ ഭൂമിയായി ലഡാക്; നാല് പേര്‍ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീര്‍: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പ്രതിഷേധത്തില്‍ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വാഹനവും ആക്രമിച്ചു. ബിജെപി ഓഫീസിനു നേരേയും ആക്രമണമുണ്ടായി.

സംസ്ഥാന പദവി ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകളാണ് ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയിരുന്നു. ഇന്ന് സമ്പൂര്‍ണ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ, ലേ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കിയിട്ടുണ്ട്.

ലേ അപെക്‌സ് ബോഡിയും സര്‍ക്കാരും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒക്ടോബര്‍ 6 ന് കേന്ദ്രം പ്രതിനിധികളുമായി ഒരു യോഗം വിളിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ലഡാക്കില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തങ്ങളുടെ ഭൂമിയും സംസ്‌കാരവും വിഭവങ്ങളും സംരക്ഷിക്കുന്നതിനായി സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവുമാണ് ജനങ്ങളുടെ ആവശ്യം.

2019 ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആണ് ഇപ്പോള്‍ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ളത്.

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയിലെ ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ട് കഴിഞ്ഞ പതിനാല് ദിവസമായി വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു. വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വാങ്ചുക് സോഷ്യല്‍മീഡിയയില്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

SCROLL FOR NEXT