പാറ്റ്ന: ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ ലാലു കുടുംബത്തിൽ കലഹം മൂർച്ഛിക്കുകയാണ്. മൂത്തമകൻ തേജ് പ്രതാപ് യാദവ് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആർജെഡി വിട്ട സഹോദരി രോഹിണിയെയും തേജ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ ഇന്ന് ഗവർണറെ കണ്ട് പുതിയ മന്ത്രിസഭക്കായി അവകാശം ഉന്നയിക്കും. വ്യാഴാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഏറ്റവും വലിയ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത് ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിലാണ്. മകൾ രോഹിണി ആചാര്യയടക്കം ലാലുവിന്റെ നാല് പെൺമക്കൾ കലാപമുണ്ടാക്കി വീട് വിട്ടതിന് പിന്നാലെ മകൻ തേജ് പ്രതാപ് യാദവ് ബിജെപി പ്രവേശനവും പ്രഖ്യാപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന യോഗത്തിൽ തേജ് പ്രതാപിന്റെ പാര്‍ട്ടി ജനശക്തി ജനതാദള്‍ എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചു.ആർജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെ പാർട്ടി ദേശീയ രക്ഷാധികാരിയാക്കാമെന്ന് തേജ് യോഗത്തില്‍ പറഞ്ഞതായാണ് വിവരം.
വോട്ടെടുപ്പിന് മുൻപാണ് തേജ് പ്രതാപിനെ കുടുംബപ്രശ്നത്തെ തുടർന്ന് ആർജെഡിയിൽ നിന്ന് ലാലു പുറത്താക്കിയത്.. പിന്നീട് പുതിയ പാർട്ടിയുണ്ടാക്കി തേജ് അടക്കം മത്സരിച്ചെങ്കിലും എല്ലാ സീറ്റിലും തോറ്റു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ നിന്ന് 25 സീറ്റുകളിലേക്ക് മാത്രം ആർജെഡി ഒതുങ്ങി.
ലാലു കുടുംബത്തിൽ നിന്ന് രോഹിണിക്ക് പിന്നാലെ മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരും പട്നയിലെ വസതി വിട്ട് ഡെൽഹിയിലേക്ക് പോയി.. തേജസ്വി യാദവിനേയും ഒപ്പമുള്ളവരേയും കുറ്റപ്പെടുത്തിയാണ് മറ്റ് മക്കൾ വീടുവിട്ടിറങ്ങിയത്.
അതേ സമയം നിതിഷ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പാറ്റന ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അടക്കം പങ്കെടുക്കും. നിതീഷ് ഇന്ന് ഗവർണറെ കണ്ട് മുഖ്യമന്ത്രിപദം ഒഴിയുന്നതായി അറിയിക്കുകയും പുതിയ മന്ത്രിസഭയ്ക്ക് അവകാശം ഉന്നയിക്കുകയും ചെയ്യും.
രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുന്നതിൽ ഒന്ന് ചിരാഗ് പാസ്വാന്റെ എൽജെപിക്കായിരിക്കും. ജെഡിയുവിൽ നിന്ന് 14 പേരും 16 യുടെ ബിജെപി മന്ത്രിമാരും ആദ്യഘട്ടത്തിൽ അധികാരമേൽക്കും. എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനമാണ് നൽകു. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും.