ഉത്താരഖണ്ഡ് ഉത്തരകാശിലെ മേഘവിസ്ഫോടന ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 10 സൈനികരെ കാണാനില്ല. ഹാർസിൽ മേഖലയിലെ ക്യാമ്പിൽ നിന്നാണ് കാണാതായത്. അതേസമയം സ്ഥിരീകരിച്ച കണക്കുകൾ അനുസരിച്ച് ദുരന്തത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. അൻപതോളം പേരെ കാണാതായി. ഘീർഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലത്തിൽ ഉത്തരകാശിയിലെ ധരാലി ഗ്രാമം ഒലിച്ചുപോയി.
കനത്ത നാശനഷ്ടങ്ങൾക്കിടയിൽ മരണ സംഖ്യ കൂടുതൽ ഉയരുവാനാണ് സാധ്യത. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടിയ ധരാലിക്ക് മുകളിലായി ഒരു തടാകം രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് വിവരങ്ങൾ തേടി.
ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് തടസമാണെന്നും കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ ദുരന്ത മേഖലയിൽ വ്യോമനിരീക്ഷണം നടത്തുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി. പ്രദേശത്ത് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രിഎസ്‌ഡിആർഎഫിന്റെ ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തി.