ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ വിധി സുപ്രീം കോടതി പുനഃപരിശോധിക്കും. സ്ഥിരജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ വിധിയാണ് പുനഃപരിശോധിക്കുക. വിശാല ബെഞ്ചാണ് ഈ കേസ് പരിഗണിക്കുക.
യുഎപിഎ കേസുകളിൽ വിചാരണ വൈകുമ്പോൾ ജാമ്യം നൽകാൻ ആകുമോ എന്ന ചോദ്യം വിശാല ബെഞ്ച് പരിഗണിക്കും. നേരത്തെ ഈ വിഷയത്തിൽ രണ്ട് ബെഞ്ചുകളിൽ നിന്ന് വ്യത്യസ്ത ഉത്തരവാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി.വരാലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
വിചാരണ പൂർത്തിയാക്കാനെടുക്കുന്നതിലെ കാലതാമസം യുഎപിഎ കേസുകളിൽ ജാമ്യം അനുവദിക്കാൻ സാധുവായ കാരണമാണോ എന്നതാണ് നിലവിൽ തർക്കത്തിന് കാരണമായ വിഷയം. ചികിത്സയിലുള്ള മാതാവിനെ കാണാൻ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വിധി പുനഃപരിശോധിക്കാനൊരുങ്ങുന്നത്.
ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മാതാവിനെ കാണാനും കുടുംബത്തിലെ അടുത്ത ബന്ധുവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുമായി 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഉമർ ഖാലിദ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കോടതി ഇത് തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഉപാധികളിൽ ഉൾപ്പെടുന്നു.