ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയതല മത്സര പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പരീക്ഷാ ദിവസം അവസാന നിമിഷത്തിൽ മാത്രം നിശ്ചയിക്കുന്നതടക്കം നിര്‍ദേശങ്ങളുമായി പരീക്ഷാ പരിഷ്കരണ സമിതി അധ്യക്ഷനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേക്കനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ചോദ്യപേപ്പർ നിർമ്മിക്കുന്ന പുതിയ രീതിയും ഇദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കവെയാണ് പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാനുള്ള സമഗ്ര പദ്ധതി അദ്ദേഹം മുന്നോട്ടുവെച്ചത്.
മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുന്ന ചോദ്യപേപ്പറുകളാണ് അവ ചോർത്തി വിൽക്കാനുള്ള കള്ളക്കച്ചവടത്തിന് വഴിയൊരുക്കുന്നതെന്നും, ഇതിന് പരിഹാരമായി ലക്ഷക്കണക്കിന് ചോദ്യങ്ങളുള്ള ഒരു വമ്പൻ ഡാറ്റാ ബാങ്ക് നിർമ്മിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടക്കുന്നതിന് തൊട്ടുമുൻപ് മാത്രം ഇതിൽ നിന്ന് വ്യത്യസ്ത ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ചോദ്യപേപ്പർ തയ്യാറാക്കിയാൽ 'ഒരു പ്രത്യേക ചോദ്യപേപ്പർ' മുൻകൂട്ടി ചോർത്തപ്പെടുക എന്ന സാധ്യത തന്നെ ഇല്ലാതാകുമെന്നും, അതോടെ ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരീക്ഷാ ദിവസം തന്നെ ചോദ്യപേപ്പറുകൾ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അദ്ദേഹം സ്ഥിരീകരിച്ചു. കൂടാതെ, രാജ്യത്തെ എല്ലാ മത്സര പരീക്ഷകളും പരമ്പരാഗത പേപ്പർ-പേന രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് പൂർണ്ണമായി മാറ്റേണ്ടതുണ്ട്. നിലവിൽ ഇന്ത്യയിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വഴി പരീക്ഷ എഴുതാൻ 1.5 ലക്ഷം കേന്ദ്രങ്ങൾ ലഭ്യമാണെങ്കിലും, എല്ലാ വിദ്യാർത്ഥികൾക്കും പ്രാപ്യമാകുന്ന രീതിയിൽ ഈ ശൃംഖല ഇനിയും രാജ്യവ്യാപകമായി വിപുലീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷാ സമ്പ്രദായത്തിലെ ഘടനാപരമായ ഇത്തരം വീഴ്ചകൾ പരിഹരിക്കാൻ തന്റെ നേതൃത്വത്തിലുള്ള സമിതി സമഗ്രമായ രൂപരേഖ തയ്യാറാക്കുമെന്നും, സമിതിയുടെ ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതീവ താല്പര്യമുണ്ടെന്നും നിലേക്കനി വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരങ്ങൾ.