ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ ശക്തമായ പ്രതിഷേധം. ഇടത് വിദ്യാർഥി-യുവജനസംഘടനകളുടെയും സിജെപിയുടേയും നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലാണ് പ്രതിഷേധമാർച്ച്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാവും മലയാളിയുമായ ജെയ്ക്ക്.സി. തോമസ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ്.എം. സജി എന്നിവരെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് മർദത്തിൽ ആദർശിൻ്റെ തലയ്ക്ക് പരിക്കേറ്റു.
റോഡിലൂടെ വലിച്ചിഴച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധിച്ച നിരവധി യുവാക്കളെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ പൊലീസ് ക്രൂരമായി മർദിക്കുകയാണെന്ന് ആദർശ് എം. സജി ആരോപിച്ചു. മൊബൈൽ ജയിലാക്കി മാറ്റിയാണ് മർദനമെന്നും നേതാക്കൾ ആരോപിച്ചു. ഡൽഹി പോലീസ് അതിക്രൂരമായി മർദിക്കുന്നുവെന്ന് എ.എ റഹീം എംപിയും കുറ്റപ്പെടുത്തി.