Source: Freepik
NATIONAL

ലിവിങ് ടുഗെദർ നിയമവിരുദ്ധമല്ല, പങ്കാളികൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാർ; അലഹബാദ് ഹൈക്കോടതി

ലിവ്-ഇൻ ബന്ധങ്ങൾക്ക് സംരക്ഷണം നിഷേധിച്ച മുൻ കോടതി വിധികളേയും കോടതി ഉത്തരവിൽ പരാമർശിച്ചു

Author : ന്യൂസ് ഡെസ്ക്

ലിവിങ് ടുഗെതർ ബന്ധങ്ങൾ നിയമവിരുദ്ധമല്ലെന്നും പങ്കാളികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സർക്കാറിൻ്റെ ചുമതലയാണെന്നും അലഹബാദ് ഹൈക്കോടതി. സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ ഇത്തരം ബന്ധങ്ങൾക്ക് സ്വീകാര്യതയില്ല. പക്ഷെ വിവാഹത്തിൻ്റെ വിശുദ്ധി ഇല്ല എന്ന കാരണത്താൽ ഇത് ഒരു ക്രിമിനൽ കുറ്റമാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വിവാഹ പദവിയേക്കാൾ ഉയർന്ന സ്ഥാനത്താണെന്ന് ജസ്റ്റിസ് വിവേക് കുമാർ സിംഗ് നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്തവരോ പ്രായപൂർത്തിയായവരോ, വിവാഹിതരോ അവിവാഹിതരോ എന്ന വ്യത്യാസമില്ലാതെ ജീവിക്കാനുള്ള അവകാശമാണ് മുന്നിൽ നിൽക്കുന്നതെന്നും ഡിസംബർ 17-ന് പുറപ്പെടുവിച്ച ജസ്റ്റിസ് വിവേക് ​​കുമാർ സിങ്ങിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നു. കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നതായും പൊലീസിൻ്റെ മതിയായ സുരക്ഷയില്ലെന്നും അവകാശപ്പെട്ട 12 ലിവ്-ഇൻ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

12 ഹർജികളും ഒരുമിച്ച് കേട്ട ജസ്റ്റിസ് സിംഗ്, ലിവ്-ഇൻ ബന്ധത്തിലുള്ളവരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകേണ്ടത് സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് എവിടെ, ആരോടൊപ്പം താമസിക്കണമെന്ന് തീരുമാനിക്കാൻ നിയമപരമായി സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ലിവ്-ഇൻ ബന്ധങ്ങൾക്ക് സംരക്ഷണം നിഷേധിച്ച മുൻ കോടതി വിധികളേയും കോടതി ഉത്തരവിൽ പരാമർശിച്ചു.

ഉത്തരവിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഹർജിക്കാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. ദമ്പതികളുടെ പ്രായം സ്ഥിരീകരിക്കാൻ നിയമപരമായ മാർഗങ്ങൾ ഉപയോഗിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

SCROLL FOR NEXT