ദിസ്‌പൂർ: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കരട് ബില്ലുകൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞാൽ വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് ശർമ ഒരു ഔദ്യോഗിക ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലവ് ജിഹാദും, ബഹുഭാര്യത്വവും നിരോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"നിയമസഭാ സമ്മേളനത്തിൽ ലവ് ജിഹാദ്, ബഹുഭാര്യത്വം, സത്രങ്ങളുടെ (വൈഷ്ണവ മഠം) സംരക്ഷണം, തേയില ഗോത്രങ്ങൾക്കുള്ള ഭൂമി അവകാശം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനപ്പെട്ടതും ചരിത്രപരവുമായ ചില ബില്ലുകൾ അവതരിപ്പിക്കും" ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. നിയമസഭയുടെ ശീതകാല സമ്മേളനം അടുത്ത മാസം നടക്കാൻ സാധ്യതയുണ്ടന്നാണ് പുറത്തുവരുന്ന വിവരം. 2026 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനമാണിത്.
അസമിൽ ഇതിനകം തന്നെ സർക്കാർ ജീവനക്കാർക്കിടയിൽ ബഹുഭാര്യത്വത്തിന് ഭരണപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഔദ്യോഗിക അനുമതിയില്ലാതെ രണ്ടാമതും വിവാഹം കഴിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിപ്പ് നൽകിയിരുന്നു. ബില്ലുകൾ അസമിലുടനീളമുള്ള പ്രധാന സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.