ഷാജഹാൻപൂർ: ഹിന്ദു സംഘടനയിലെ അംഗങ്ങളെ പേടിച്ച് കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി കമിതാക്കൾ. 19ഉം 21ഉം വയസുള്ള യുവതിയും യുവാവുമാണ് പിസാ ഷോപ്പിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദു സംഘടനയിലെ അംഗങ്ങൾ തടഞ്ഞുനിർത്തിയതിന് പിന്നാലെ ഇവർ കെട്ടിടത്തിൽ നിന്നും ചാടിയെന്നാണ് ആരോപണം.
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പിസാ ഷോപ്പ് പ്രവർത്തിക്കുന്നത്. വൈകീട്ട് ഹിന്ദു സംഘടനയിലെ അംഗങ്ങൾ കടയിലെത്തി ഒരുമിച്ചിരിക്കുകയായിരുന്ന യുവാവിനോടും യുവതിയോടും എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു.
തങ്ങൾ നൂഡിൽസ് ഓർഡർ ചെയ്തിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും കമിതാക്കൾ പറഞ്ഞു. തുടർന്ന് ഇരുവരുടെയും ജാതി എന്താണെന്നായി ഹിന്ദു സംഘടനാപ്രവർത്തകരുടെ ചോദ്യം. ഞങ്ങൾ ഹിന്ദുക്കളാണെന്ന് മാത്രമാണ് കമിതാക്കൾ നൽകിയ ഉത്തരം.
തുടർന്ന് ചിലർ ഇരുവരുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി. പരിഭ്രാന്തനായ യുവാവ് രണ്ടാം നിലയിൽ നിന്ന് ചാടിയെന്നാണ് റിപ്പോർട്ട്. പിന്നാലെ കൂടെയുണ്ടായിരുന്ന യുവതിയും ചാടിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഏത് ഹിന്ദു സംഘടനയാണ് സദാചാര പൊലീസിങ്ങിന് പിന്നിലെന്ന കാര്യം പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് എസ്‌പി രാജേഷ് ദ്വിവേദി പറഞ്ഞു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.