മധ്യപ്രദേശിലെ ഭോപ്പാലിൽ അശാസ്ത്രീയ പാലം നിർമാണത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർമാർ ഉൾപ്പെടെ ഏഴ് പേരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. വിരമിച്ച സൂപ്രണ്ടിംങ് എഞ്ചിനീയർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് എഞ്ചിനീയർമാരായ സഞ്ജയ് ഖണ്ഡെ, ജിപി വർമ്മ, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാവേദ് ഷക്കീൽ, ഇൻ-ചാർജ് സബ് ഡിവിഷണൽ ഓഫീസർ രവി ശുക്ല, സബ് എഞ്ചിനീയർ ഉമാശങ്കർ മിശ്ര, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷാനുൽ സക്സേന, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷബാന രജ്ജാഖ്, വിരമിച്ച സൂപ്രണ്ടിംങ് എഞ്ചിനീയർ എംപി സിംഗ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നീരജ് മണ്ട്ലോയ് പറഞ്ഞു.
നിർമാണ ഏജൻസിയെയും ഡിസൈൻ കൺസൾട്ടന്റിനെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും ആർഒബിയിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു "മെച്ചപ്പെടുത്തലുകൾ വരുത്തിയതിനുശേഷം മാത്രമേ മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി നിർമിച്ച മേൽപ്പാലം വിമർശനത്തിനും പരിഹാസത്തിനും വഴിവെച്ചു. പ്രദേശവാസികളും ഇൻ്റർനെറ്റ് ഉപയോക്താക്കളും ഇതിൻ്റെ രൂപകൽപ്പനയെ ചോദ്യം ചെയ്യുകയും വാഹനങ്ങൾ 90 ഡിഗ്രി വളവ് എങ്ങനെ മറികടക്കുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് പ്രതികരിക്കുകയും ചെയ്തു.
ഐഷ്ബാഗ് പ്രദേശത്തെ പുതിയ റെയിൽ ഓവർ ബ്രിഡ്‌ജ് രൂപകൽപ്പന ചെയ്തപ്പോൾ 90 ഡിഗ്രിയായിരുന്നു അതിൻ്റെ ചരിവ് രേഖപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പും റെയിൽവേയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ പാലത്തിന് മൂന്ന് തവണ മാറ്റം വരുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
18 കോടി രൂപ ചെലവിൽ നിർമിച്ച പാലം, മഹാമായി കാ ബാഗ്, പുഷ്പ നഗർ, സ്റ്റേഷൻ പ്രദേശം എന്നിവ ന്യൂ ഭോപ്പാലുമായി ബന്ധിപ്പിക്കുന്നതിനായി നിർമിച്ചതാണ്. ഇത് ഏകദേശം മൂന്ന് ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. സ്ഥല ദൗർലഭ്യവും സമീപത്തെ മെട്രോ റെയിൽ സ്റ്റേഷൻ്റെ സാന്നിധ്യവും കണക്കിലെടുത്ത് ഈ രീതിയിൽ പാലം നിർമിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാദിച്ചിരുന്നു.