ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഡിഎംകെ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഡിഎംകെ എംഎല്‍എ ആയ അനിത ആർ. രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പിന്നാലെ എംഎല്‍എയെ അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി ആരായാലും അദ്ദേഹത്തെ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
തൂത്തുക്കുടിയിലെ ആത്തൂരില്‍ നടന്ന പൊതു സമ്മേളനത്തിലായിരുന്നു ഡിഎംകെ എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും സിനിമാ ജീവിതത്തെ പരിഹസിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശങ്ങള്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞത് ഇങ്ങനെ, ''തമിഴ്‌നാട്ടില്‍ 1967 മുതല്‍ സിനിമയില്‍ നിന്നുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി ആരായാലും അവരെ ബഹുമാനിച്ചേ പറ്റൂ''.
ജസ്റ്റിസ് ജി.കെ. ഇലന്തിരയാന്‍ ആണ് ജാമ്യപേക്ഷ തള്ളിയത്. ജനപ്രതിനിധി കൂടിയായ രാധാകൃഷ്ണന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി.
രൂക്ഷ വിമര്‍ശനമാണ് കോടതിയില്‍ നിന്നും രാധാകൃഷ്ണന് നേരെ ഉണ്ടായത്. ഒരു എംഎല്‍എ ആയിരുന്നിട്ട് പോലും എന്ത് തരത്തിലാണ് സംസാരിക്കുന്നതെന്ന് കോടതി ചോദിച്ചു.
ഉത്തരവിന് പിന്നാലെ, തൂത്തുക്കുടി ജില്ലയിലെ ആത്തൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.