ബിഹാറിൽ അടിപതറി  Source: X
NATIONAL

സൗഹൃദമത്സരവും പാളി, മഹാസഖ്യത്തിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം ഈ മൂന്ന് കക്ഷികൾ

ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ മേഖലയിലെല്ലാം മഹാസഖ്യത്തിന്‍റെ കുതിപ്പിനെ പ്രശാന്ത് കിഷോര്‍ പിടിച്ച വോട്ടുകള്‍ പിന്നോട്ട് വലിച്ചിട്ടു.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: മഹാസഖ്യത്തിനേറ്റ മഹാതിരിച്ചടിയുടെ ആഘാതം വലുതാക്കിയതില്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുളള പങ്ക് ചെറുതല്ല. അസദുദ്ദീന്‍ ഉവൈസിയുടെ AIMIMഉം പ്രശാന്ത് കിഷോറിന്‍റെ ജന്‍സ്വരാജും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് പിടിച്ച വോട്ടുകള്‍ മഹാസഖ്യത്തെ എഴുപതോളം സീറ്റുകളിലാണ് തോല്‍വിയിലേക്ക് നയിച്ചത്. സൗഹൃദമത്സരമെന്ന പേരില്‍ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ മത്സരിച്ചയിടങ്ങളിലെല്ലാം സഖ്യം തൂത്തെറിയപ്പെട്ടു.

മഹാസഖ്യത്തിന്‍റെ തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കിയതില്‍ പ്രമുഖ സ്ഥാനമാണ് പ്രശാന്ത് കിഷോറിന്‍റെ ജന്‍സ്വരാജ് പാര്‍ട്ടിക്കുള്ളത്. നാല്‍പതിലധികം ഇടങ്ങളിലാണ് ജന്‍സ്വരാജ് പാര്‍ട്ടി പിടിച്ച വോട്ടുകള്‍ മഹാസഖ്യത്തെ നിലംപരിശാക്കിയത്. മര്‍ഹൌര മണ്ഡലത്തില്‍ മാത്രമാണ് ജന്‍ സ്വരാജ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്. പക്ഷെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ മേഖലയിലെല്ലാം മഹാസഖ്യത്തിന്‍റെ കുതിപ്പിനെ പ്രശാന്ത് കിഷോര്‍ പിടിച്ച വോട്ടുകള്‍ പിന്നോട്ട് വലിച്ചിട്ടു.

ചെരിയ മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥിയുടെ ലീഡ് നാലായിരത്തില്‍ താഴെ. മൂന്നാം സ്ഥാനത്തെത്തിയ ജന്‍സ്വരാജ് പാര്‍ട്ടി പിടിച്ചത് 25000 ത്തിലധികം വോട്ടുകള്‍. കുര്‍ഹാനിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം അയ്യായിരത്തി അഞ്ഞൂറില്‍ താഴെ. ജന്‍സ്വരാജ് പാര്‍ട്ടി പിടിച്ചത് ആറായിരത്തിന് മുകളില്‍ വോട്ടുകള്‍. ജഹാനാബാദില്‍ ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം രണ്ടായിരം മാത്രം ജെഎസ്പി പിടിച്ചത് ആറായിരത്തോളം വോട്ട്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍. പാര്‍ട്ടി ഉണ്ടാക്കി ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പണമൊഴുക്കിയുള്ള പ്രചാരണത്തിന് എങ്ങനെയാണ് ജന്‍സ്വരാജ് പാര്‍ട്ടിക്ക് കഴിഞ്ഞതെന്ന സംശയങ്ങള്‍ നേരത്തെയുണ്ട്.

മഹാസഖ്യത്തിന്‍റെ വോട്ട് ചോര്‍ത്താന്‍ ബിജെപി തന്നെയാണ് പ്രശാന്ത് കിഷോറിന് ഫണ്ട് ചെയ്തതെന്ന ആരോപണം ഇനി കൂടുതല്‍ കനക്കും. പ്രതിപക്ഷ ചേരിക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുള്ളയിടത്തെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ട് ചോര്‍ത്തുന്നുവെന്ന ആരോപണ മുന നേരത്തെ നേരിടുന്നയാളാണ് അസദുദ്ദീന്‍ ഉവൈസി. മുസ്ലിം വോട്ട് പിളര്‍ത്തി ബിജെപി ഏജന്‍റിനെപ്പോലെ പ്രവര്‍ത്തിക്കുന്നയാളെന്ന വിളിപ്പേരുള്ള ഉവൈസി ഇത്തവണയും പതിവ് തെറ്റിച്ചില്ല. മുസ്ലിം സ്വാധീനമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ഉവൈസിയുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തിറങ്ങി. ചിലര്‍ വിജയച്ചു കയറി.. അതിലേറെ ഇടങ്ങളില്‍ മഹാസഖ്യത്തിന്‍റെ വോട്ട് പിളര്‍ത്തി സഖ്യത്തെ തോല്‍പ്പിച്ചു. അവിടെയെല്ലാം ബിജെപിയും ജെഡിയുവും നേട്ടം കൊയ്തു.

കസ്ബ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഏഴായിരത്തില്‍ താഴെ മാത്രം വോട്ടിന് ലീഡ് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഉവൈസിയുടെ സ്ഥാനാര്‍ഥി പിടിച്ചത് മുപ്പത്തി അയ്യായിരത്തിലേറെ വോട്ടാണ്. ബല്‍റാംപൂര്‍, ദര്‍ബഗ്ഗ റൂറല്‍, നത്നഗര്‍ എന്നിവിടങ്ങളിലടക്കം ഉവൈസിയുടെ പാര്‍ട്ടി മഹാസഖ്യത്തെ തോല്‍പ്പിച്ചു. ഇക്കാര്യത്തില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ സംഭാവനയും ചെറുതല്ല. പത്തിലധികം ഇടങ്ങളിലാണ് ബിഎസ്പി പിടിച്ച വോട്ടുകള്‍ മഹാസഖ്യത്തിന് തിരിച്ചടിയായത്. സൌഹൃദമത്സരം എന്ന പേരില്‍ മഹാസഖ്യത്തില്‍ നിന്ന് മാറി നിന്ന് കോണ്‍ഗ്രസ് മത്സരിച്ച ഇടങ്ങളിലെല്ലാം സഖ്യം അടപടലം തകര്‍ന്നടിഞ്ഞു.

SCROLL FOR NEXT