Source: X/ Vani Mehrotra
NATIONAL

മഹാരാഷ്ട്ര ജൽഗാവിലെ മേഘവിസ്ഫോടനത്തിൽ ഒരു മരണം; പത്തോളം ഗ്രാമങ്ങൾ ദുരിതത്തിൽ

പ്രാഥമിക വിവരങ്ങൾ പ്രകാരം 452 വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ ജൽഗാവിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരു മരണം. പത്തോളം ഗ്രാമങ്ങൾ മേഘവിസ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായി.

പ്രാഥമിക വിവരങ്ങൾ പ്രകാരം 452 വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ഏകദേശം 2,500 ഹെക്ടർ കൃഷിഭൂമിക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 250 കന്നുകാലികൾക്കും ഏകദേശം 1,800 ചെറിയ മൃഗങ്ങൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്.

നദികളിലും അഴുക്കുചാലുകളിലും ജലനിരപ്പ് ഉയർന്നുവെന്നും, ഇത് സമീപത്തെ വീടുകളിലേക്ക് കയറി, പത്തോളം ഗ്രാമങ്ങളെ ബാധിച്ചുവെന്നും ജില്ലാ കളക്ടർ ആയുഷ് പ്രസാദ് അറിയിച്ചു. റേഷൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിത പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.

മഹാരാഷ്ട്ര ജലവിഭവ, ​​ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. നാല് താലൂക്കുകളിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതായും ഇത് കർഷകരെയും പ്രദേശവാസികളെയും സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT