കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതിവിധി ഇന്ന് Source: Facebook
NATIONAL

കന്യാസ്ത്രീകൾ ജയിലിലായിട്ട് ഒമ്പതാം ദിവസം; ജാമ്യാപേക്ഷയിൽ എൻഐഎ കോടതിവിധി ഇന്ന്

മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകൾ ജയിലിലായിട്ട് ഇന്ന് ഒമ്പതാം ദിവസം. മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. ബിലാസ്പൂർ എൻഐഎ കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ബിലാസ്പൂർ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഇരു വിഭാഗവും കോടതിയിൽ വാദം നടത്തി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

ജാമ്യ അപേക്ഷ പ്രോസിക്യൂഷൻ എതിർത്തിട്ടില്ല, കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് മാത്രമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയെ ഇന്നലെ അറിയിച്ചത്. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല. കന്യാസ്ത്രീകളുടെ കുടുംബാഗങ്ങൾ ഛത്തീസ്ഗഢിൽ തുടരുകയാണ്.

SCROLL FOR NEXT