മമത ബാനര്‍ജി 
NATIONAL

"ബിജെപി അധികാരത്തിലെത്തിയാൽ മാംസമോ മുട്ടയോ കഴിക്കാൻ കഴിയില്ല, ഭക്ഷണ രീതികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും"; വിമർശനവുമായി മമത ബാനർജി

ഏകപക്ഷീയമാണ് ബിജെപിയുടെ നിലപാടുകളെന്നും മമത ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാൻ പാടില്ലെന്നാണ് ബിജെപി പറയുന്നത്. അവർ അധികാരത്തിലെത്തിയാൽ ബംഗാളിലെ ഭക്ഷണ രീതികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ഏകപക്ഷീയമാണ് ബിജെപിയുടെ നിലപാടുകളെന്നും മമത ആരോപിച്ചു. പുരുലിയയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

"ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കില്ല. ബിജെപി അധികാരത്തിൽ വന്നാൽ നിങ്ങൾക്ക് മാംസമോ മുട്ടയോ കഴിക്കാൻ കഴിയില്ല. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അവരാണ് കലാപത്തിന് പ്രേരിപ്പിക്കുന്നുത്. കലാപത്തിന് പ്രേരിപ്പിച്ചാണ് അവർ അധികാരത്തിലെത്തുന്നത്. ആളുകളെ കൊന്നാണ് അവർ അധികാരത്തിലെത്തുന്നത്.

ആദിവാസികൾക്കെതിരായ മിക്ക ആക്രമണങ്ങളും, സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും സംഭവിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. നമ്മുടെ ബംഗാളി സംസാരിക്കുന്ന ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നുണ്ട് എന്നാൽ നമ്മൾ ആരെയും അടിച്ചമർത്തുന്നില്ല", മമത ബാനർജിയുടെ വാക്കുകൾ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബംഗാളി കുടിയേറ്റ തൊഴിലാളികൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ ടിഎംസി നിരവധി തവണ ബിജെപിയെ വിമർശിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായും ടിഎംസി ഏറ്റെടുത്തിട്ടുണ്ട്.

SCROLL FOR NEXT