കൊൽക്കത്ത:തൃണമൂൽ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെ ടിഎംസിയുടെ യുവജന വിഭാഗം പ്രസിഡൻ്റായ സായോണി ഘോഷിനെ മാറ്റി മമത ബാനർജി. നിയമനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജാദവ്പൂർ എംപി കൂടിയായ സയോണി ഘോഷിനെ സ്ഥാനത്ത് നിന്നും നീക്കിയത്. പകരം യുവനേതാവായ അർണാബ് ബാനർജിയെ തൽസ്ഥാനത്ത് നിയോഗിച്ചു.
ഇതിന് പുറമേ, കൊൽക്കത്ത ദക്ഷിണ എംപി മാല റോയിയെ പാർട്ടി വനിതാ വിഭാഗമായ തൃണമൂൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി പകരം മാറ്റി നാദിയ ജില്ലയിലെ കാളിഗഞ്ചിൽ നിന്നുള്ള ടിഎംസി എംഎൽഎ അലിഫ അഹമ്മദിനെ പ്രസിഡന്റായി നിയമിച്ചു.
2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന്, തൃണമൂൽ കോൺഗ്രസ് പിളർന്ന് സയോണി ഘോഷും മാല റോയിയും അടക്കമുള്ള എംപിമാർ വിമത വിഭാഗത്തിലേക്ക് മാറിയിരുന്നു. യഥാർഥ ടിഎംസി ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയെ കാണുമെന്ന് വിമതർ അറിയിച്ചതോടെ, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ലോക്സഭയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
മുതിർന്ന എംപി സുദീപ് ബന്ദോപാധ്യായയും വിമത ക്യാംപിലേക്ക് ചേർന്നതോടെ 28 ലോക്‌സഭാ അംഗങ്ങളിൽ 20 പേരുടെ ഭൂരിപക്ഷത്തിലേക്ക് വിമത വിഭാഗം എത്തിക്കഴിഞ്ഞു. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പാർലമെന്റിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും വിമത എംപി കകോലി ഘോഷ് ദസ്തിദാർ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃണമൂലിലെ പ്രശ്നങ്ങളെ തുടർന്ന് ടിഎംസിയുടെ സംഘടനാ സമിതി പുനഃസംഘടിപ്പിക്കുകയും ബംഗാളിലുടനീളമുള്ള എല്ലാ മുൻ കമ്മിറ്റികളെയും മുന്നണി സംഘടനകളെയും പിരിച്ചുവിട്ട ശേഷം നേതൃത്വത്തിലേക്ക് പാർട്ടി വിശ്വസ്തരെയും പഴയ തൃണമൂൽ നേതാക്കളേയും നിയമിക്കുകയും ചെയ്തു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് സയോണ ഘോഷിനെയും മാലാ റോയിയെയും അവരുടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശം ചെയ്തത്.